/sathyam/media/media_files/2025/05/04/rO1zPWqVxnXJ0VmNdVLh.jpg)
ടൊറന്റോ : അമേരിക്കയിലേക്ക് അനധികൃതമായി മനുഷ്യക്കടത്ത് നടത്തിയ നാല് മെക്‌സിക്കന്‍ പൗരന്മാര്‍ക്കെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് കേസെടുത്തു.
മെക്‌സിക്കോയില്‍ നിന്ന് കാനഡയിലേക്ക് ആളുകളെ എത്തിച്ച്, അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്ക് കടത്താന്‍ ഇവര്‍ ആയിരക്കണക്കിന് ഡോളര്‍ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.
എഡ്ഗാര്‍ സാഞ്ചസ്-സോളിസ് (23), ഇഗ്‌നാസിയോ ഡയസ്-പെരെസ് (35), സാമുവല്‍ ഡയസ്-പെരെസ് (26), സാല്‍വഡോര്‍ ഡയസ്-ഡിയാസ് (32) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ യുഎസിലേക്ക് ആളുകളെ കടത്താന്‍ ഗൂഢാലോചന നടത്തിയതിനും 25 തവണ നിയമവിരുദ്ധമായി ആളുകളെ കടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ യുഎസില്‍ അറസ്റ്റ് ചെയ്‌തെന്നും മറ്റ് രണ്ടുപേരെ നേരത്തെ രാജ്യത്ത് നിന്ന് നാടുകടത്തിയെന്നും അധികൃതര്‍ അറിയിച്ചു.
മെക്‌സിക്കോ, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതായും ആഴ്ചയില്‍ നൂറുകണക്കിന് ആളുകളെ കടത്തിയിരുന്നതായും ആരോപിക്കപ്പെടുന്നു. പലതവണ അതിര്‍ത്തിയില്‍ വെച്ച് ഇവരെ നിയമപാലകര്‍ പിന്തുടര്‍ന്നിട്ടുണ്ട്.
2023 ഏപ്രിലില്‍, സെന്‍സര്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബോര്‍ഡര്‍ പട്രോള്‍ ഇവരെ അധികൃതര്‍ പിന്തുടര്‍ന്നിരുന്നു. വാഹനം പിടികൂടിയപ്പോള്‍ ഏഴ് മുതിര്‍ന്നവരെയും മൂന്ന് കുട്ടികളെയും കണ്ടെത്തി. മൂന്ന് മാസത്തിന് ശേഷം, ഇതേ സംഘത്തിലെ അംഗങ്ങള്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ചുവപ്പ് ലൈറ്റ് മറികടന്ന് മറ്റൊരു വാഹനത്തില്‍ ഇടിച്ചു. ഡ്രൈവറും ആറ് യാത്രക്കാരും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി.