വാഷിങ്ടണ്‍: ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 128 ഇസ്രയേല്‍ പൗരന്‍മാരെയും മോചിപ്പിച്ചാല്‍ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
എന്നാല്‍, ഇസ്രായേല്‍ തടവിലാക്കിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് പലസ്തീനികളെ വിട്ടയക്കുന്നതിനെ കുറിച്ച് ബൈഡന് എന്താണു പറയാനുള്ളതെന്നാണ് ഹമാസ് നേതാക്കള്‍ ചോദിക്കുന്നത്. ഇസ്രായേല്‍ തടവറയില്‍ ഇവര്‍ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഇരയാകുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വര്‍ഷങ്ങളായി ഇസ്രായേല്‍ അന്യായമായി തടവിലിട്ട പലസ്തീനികളെ മുഴുവന്‍ മോചിപ്പിക്കണമെന്നും ഗസ്സയില്‍നിന്ന് ഇസ്രായേല്‍ പൂര്‍ണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിനുള്ള ഉപാധിയായി ഹമാസ് മുന്നോട്ടുവെയ്ക്കുന്നത്. ഗാസയ്ക്കു മേലുള്ള ഉപരോധം നീക്കണമെന്നും ആവശ്യപ്പെടുന്നു. ഏറ്റവുമൊടുവില്‍ കെയ്റോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചതുമാണ്. എന്നാല്‍, ഇസ്രയേല്‍ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല.
ഇക്കാര്യത്തെ കുറിച്ചെല്ലാം മൗനം പാലിച്ച ബൈഡന്‍ ബന്ദികളെ മോചിപ്പിച്ചാല്‍ വെടിനിര്‍ത്താമെന്ന വാഗ്ദാനം മാത്രമാണ് നല്‍കുന്നത്. ഇതാകട്ടെ, ഹമാസ് ആദ്യഘട്ടത്തില്‍ തന്നെ തള്ളിക്കളഞ്ഞ കാര്യവുമാണ്.
252 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 128 പേര്‍ ജീവനോടെയും അല്ലാതെയും ഗസ്സയിലുണ്ടെന്നാണ് കരുതുന്നത്. നിരവധി ബന്ദികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 36 പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.