ന്യൂയോര്‍ക്കിലും ലോസ് ഏഞ്ജലസിലും ഷിക്കാഗോയിലും കുടിയേറ്റ പരിശോധന ശക്തമാക്കുന്നു

New Update
Hhhvf

വാഷിങ്ടണ്‍: അമെരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളായ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്ന നഗരങ്ങളാണിത്. ഈയൊരു കാരണം കൊണ്ടാണ് ഇവിടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ട്രംപ് വ്യക്തമാക്കി.

Advertisment

അമെരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ലോസ് ഏഞ്ചല്‍സില്‍ യുഎസ് ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയാണ് വലിയ പ്രതിഷേധമായി മാറിയത്. തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിന് സൈനികരെ വിന്യസിക്കേണ്ടതായി വന്നു.

മൈഗ്രേഷന്‍ പോളിസി ഇന്‍സ്ററിറ്റ്യൂട്ടിന്‍റെ കണക്ക്പ്രകാരം 2023ല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ കാലിഫോര്‍ണിയയും (1.06 കോടി), ടെക്സസും (55 ലക്ഷം), ഫ്ളോറിഡയും (50 ലക്ഷം), ന്യൂയോര്‍ക്കും (45 ലക്ഷം), ന്യൂജെഴ്സിയും (23 ലക്ഷം) ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ കാലിഫോര്‍ണിയയിലാണ്. 27 ശതമാനമുണ്ട് അവിടെ. തൊട്ടുപിന്നാലെ ന്യൂജെഴ്സി (24%), ന്യൂയോര്‍ക്ക് (23 %), ഫ്ളോറിഡ (22%), നെവാഡ (19%) എന്നിങ്ങനെയാണ്.

നഗരം തിരിച്ചുള്ള കണക്കനുസരിച്ച്, ന്യൂയോര്‍ക്ക് മെട്രോ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. 59 ദശലക്ഷമാണ് അവിടത്തെ കുടിയേറ്റക്കാര്‍. തൊട്ടു പിന്നാലെ ലോസ് ഏഞ്ചല്‍സ് (42 ലക്ഷം), മയാമി (26 ലക്ഷം), ഹ്യൂസ്ററണ്‍, ഷിക്കാഗോ (17 ലക്ഷം വീതം) എന്നിവയാണ്.

പ്യൂ റിസര്‍ച്ച് സെന്‍ററില്‍ നിന്നുള്ള ഡേറ്റ പ്രകാരം 2019 മുതല്‍ 2022 വരെ ആറ് സംസ്ഥാനങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഫ്ളോറിഡ, മേരിലാന്‍ഡ്, മാസച്യുസെറ്റ്സ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ടെക്സസ് തുടങ്ങിയവയാണ് ആറ് സംസ്ഥാനങ്ങള്‍. ഇക്കാര്യത്തില്‍ കാലിഫോര്‍ണിയയില്‍ മാത്രമാണ് കുറവുണ്ടായത്.

2022ല്‍ ഏകദേശം 83 ലക്ഷം യുഎസ് തൊഴിലാളികള്‍ അനധികൃത കുടിയേറ്റക്കാരായിരുന്നു. 2019ല്‍ ഇത് 74 ലക്ഷമായിരുന്നു.

കൂട്ട നാടുകടത്തലുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ അത് യുഎസിലെ കൃഷി, ഹോട്ടലുകള്‍, റെസ്റേറാറന്‍റുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കാരണം ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്.

Advertisment