വ്യാഴാഴ്ച്ച സി എൻ എൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പിച്ചും പേയും പറയുകയാണ് ചെയ്തതെന്ന് ആക്ഷേപിച്ചു ഡൊണാൾഡ് ട്രംപ്. "സഖാവ് കമലാ ഹാരിസ് വളരെ ദുർബലമായ ഒരു ചോദ്യത്തിനു മറുപടി നൽകുന്നത് ഞാൻ ഇപ്പോൾ കണ്ടു. പ്രതിരോധത്തിനു വേണ്ടി ഉന്നയിച്ച ചോദ്യം ആയിരുന്നെങ്കിലും അവർ അടുക്കും ചിട്ടയും ഒന്നുമില്ലാതെ പിച്ചും പേയും പറയുകയാണ് ചെയ്തത്. സ്വന്തം മൂല്യങ്ങളിൽ മാറ്റമില്ലെന്ന് അവർ പറഞ്ഞു.
ട്രംപ് തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിൽ കുറിച്ചു."അതേ, അവരുടെ മൂല്യങ്ങൾ മാറിയിട്ടില്ല. അതിർത്തി തുടർന്നും തുറന്നിരിക്കും. അടയ്ക്കില്ല. നിയമവിരുദ്ധരായ അന്യരാജ്യക്കാർക്കു സൗജന്യ ആരോഗ്യ രക്ഷ കിട്ടും. അവർക്കു അഭയ നഗരങ്ങൾ ഉണ്ടാവും. തോക്കുകൾ പിടിച്ചെടുക്കും. ഫ്രാക്കിങ് ഉണ്ടാവില്ല. ഗ്യാസ് കാറുകൾ നിരോധിക്കും. സ്വകാര്യ ആരോഗ്യ രക്ഷ നിർത്തലാക്കും. 70-80% നികുതി നിരക്ക് നടപ്പാക്കും. പോലീസിനു അവർ പണം കൊടുക്കില്ല.
"അമേരിക്ക ചതുപ്പുനിലമാവും." ഇന്റർവ്യൂ മൊത്തത്തിൽ ബോറായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 10 ഡിബേറ്റിനു താൻ കാത്തിരിക്കുന്നു എന്നും ഹാരിസ് എത്ര വ്യാജമാണെന്നു തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു. "ഹാരിസ് ദീർഘകാലം സ്വീകരിച്ചിരുന്ന എല്ലാ നിലപാടുകളും മാറ്റി. എല്ലാം. അമേരിക്കയിൽ മാർക്സിസ്റ് പ്രസിഡന്റാവുന്നത് അനുവദിക്കാൻ പറ്റില്ല."
കാര്യമായ പിഴവുകൾ ഒന്നും വരുത്തിയില്ല
ഹാരിസോ കൂടെ ഇരുന്ന വി പി സ്ഥാനാർഥി ടിം വാൾസോ കാര്യമായ പിഴവുകൾ ഒന്നും വരുത്തിയില്ല എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. അവർ പറഞ്ഞ നിലപാടുകളെ കുറിച്ച് ചർച്ച തുടർന്നേക്കാം.ഹാരിസിനെതിരെ വ്യക്തിഹത്യ നടത്തുന്നത് പതിവാക്കിയ ട്രംപിനു ഹാരിസ് കാമ്പയ്ൻ മറുപടി നൽകി.
"ഡൊണാൾഡ് ട്രംപിനു മനോനില തെറ്റി," കാമ്പയ്ൻ വക്താവ് ജെയിംസ് സിംഗർ പറഞ്ഞു. "അമേരിക്കയ്ക്ക് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ പ്രൊജക്റ്റ് 2025 അജണ്ടയും നൽകാൻ പോകുന്നത് ഇതാണ്. രാഷ്ട്രീയ വൈരികളെ പ്രോസിക്യൂട്ട് ചെയ്യുക, അപകടകരമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർത്തി ദ്രോഹത്തിന്റെ നയങ്ങൾ ന്യായീകരിക്കുക, അമേരിക്കൻ ജനതയെ തമ്മിൽ തല്ലിക്കുക."
ഹാരിസിന്റെ മാതാവും പിതാവും രണ്ടു വംശക്കാർ ആണെന്നത് ട്രംപ് സ്ഥിരം ഉപയോഗിക്കുന്ന കാർഡാണ്. അവരുടെ തലയിൽ ഒന്നുമില്ലെന്ന ആക്ഷേപവും അദ്ദേഹം ആവർത്തിക്കുന്നു.