റോക്ക് ലാൻഡിൽ ദേശസ്നേഹം തുടിച്ചു നിന്ന സ്വാതന്ത്ര്യദിന പരേഡ്

New Update
Cfcf

ന്യു യോർക്ക്: റോക്ക് ലാൻഡിലെ ന്യൂ സിറ്റിയിൽ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡിന്റെ (ഐ.സി.എസ്. ആർ) നേതൃത്വത്തിൽ ഇന്ത്യ ഡേ പരേഡ് വർണാഭമായി. ദേശസ്നേഹം തുടിച്ചു നിന്ന അന്തരീക്ഷത്തിൽ ന്യു സിറ്റി ലൈബ്രറിക്കു മുന്നിൽ നിന്നാരംഭിച്ച പരേഡ് കൗണ്ടി കോർട്ടിന് മുന്നിൽ സമാപിച്ചു.

Advertisment

ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞ് എത്തിയ ജനങ്ങൾ ഭാരതമാതാ കീ ജെയ്, വന്ദേമാതരം മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്തു. ചെണ്ടമേളത്തിന്റെ മുഴങ്ങുന്ന ശബ്ദം ഇന്ത്യൻ സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ കാഹളമായി. അശ്വാരൂഢരായ പോലീസ് മാർച്ച് മുന്നിൽ നിന്ന് നയിച്ചു.

ഫൊക്കാന, ഹഡ്സൺവാലി മലയാളി അസോസിയേഷൻ തുടങ്ങി വിവിധ മലയാളി സംഘടനകളും പരേഡിൽ പങ്കെടുത്തു .

റോക്ക് ലാൻഡ് കൗണ്ടി ടൂറിസവും പരേഡിനെ പിന്തുണച്ചു.കൗണ്ടി കോർട്ടിന് മുന്നിൽ ഐ.സി.എസ്. ആർ പ്രസിഡന്റ് അൽക ഷാ ഇന്ത്യൻ പതാക ഉയർത്തി.

ഇന്ത്യയിൽ നിന്ന് എത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആയിരുന്നു മുഖ്യാതിഥി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയ അദ്ദേഹം പ്രവാസ നാട്ടിലും ഇന്ത്യാക്കാർ ജന്മനാടിനോടുള്ള സ്നേഹം അചഞ്ചലമായി കാത്തു സൂക്ഷിക്കുന്നതിൽ അഭിമാനം കൊണ്ടു. സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടിയവർക്കും ജീവൻ ബലിയർപ്പിച്ചവർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് എഡ് ഡേ, ക്ലാർക്‌സ്‌ടൗൺ ടൗൺ സൂപ്പർവൈസർ ജോർജ്ജ് ഹോമൻ, സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ തുടങ്ങിയവർ ജനങ്ങളെ അഭിസംബോധന ചെയ്തു.

ഓഗസ്റ്റ് 15 റോക്ക്‌ലാൻഡ് കൗണ്ടിയിൽ ഇന്ത്യാ ദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷൻ ഡോ ആനി പോൾ വായിച്ചു. സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികൾ നടന്നു. ഭക്ഷണ വിതരണം , വിവിധ സ്റ്റാളുകൾ എന്നിവയും ഏറെപ്പേരെ ആകർഷിച്ചു. 

Advertisment