/sathyam/media/media_files/2025/11/16/g-2025-11-16-04-31-46.jpg)
യുഎൻ സുരക്ഷാ സമിതിയിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ നേതൃത്വം പാക്കിസ്ഥാനെ ഏൽപിച്ചതിനെ ഇന്ത്യ വിമർശിച്ചു. പാക്കിസ്ഥാന് താലിബാനെതിരെ നിക്ഷിപ്‌ത താല്പര്യം ഉള്ളതു കൊണ്ട് അവർ ആ സ്ഥാനം വഹിക്കുന്നത് ഉചിതമല്ലെന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി.ഹരീഷ് പറഞ്ഞു.
ഭീകരവിരുദ്ധ സമിതിയുടെ സഹാദ്ധ്യക്ഷ സ്ഥാനം ഭീകരർക്ക് അഭയം നൽകുന്ന പാക്കിസ്ഥാൻ വഹിക്കുന്നതും ശരിയല്ലെന്നു ഹരീഷ് പറഞ്ഞു.
"സുവ്യക്തവും സമ്പൂർണവുമായ നിക്ഷിപ്ത താൽപര്യങ്ങൾക്കു കൗൺസിലിൽ ഇടമില്ല," അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി കൗൺസിലിൽ രണ്ടു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗമായ പാക്കിസ്ഥാനെ ഹരീഷ് പേരെടുത്തു പറഞ്ഞില്ല. 1988 കമ്മിറ്റി എന്നറിയപ്പെടുന്ന സമിതിക്കു താലിബാൻ അംഗങ്ങളുടെ യാത്രകൾ നിരോധിക്കാൻ അധികാരമുണ്ട്. അതിൽ നിന്ന് ഒഴിവ് കിട്ടാൻ വൈകിയതു കൊണ്ട് അഫ്ഘാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം വൈകിയിരുന്നു.
പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും യുദ്ധത്തിന്റെ വക്കിലാണ്. എന്നാൽ ഇന്ത്യ അഫ്ഘാനിസ്ഥാനുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
യുഎൻ ഉപരോധമുള്ള ഭീകര സംഘടനകൾക്കു പോലും പാർപ്പിടം അനുവദിക്കുന്ന പാക്കിസ്ഥാനാണ് ഭീകര വിരുദ്ധ സമിതിയുടെ സഹാദ്ധ്യക്ഷൻ. അത്തരം ചുമതലകൾ ഏല്പിക്കുന്നതിനു മുൻപ് സുതാര്യവും നിഷ്‌പക്ഷവുമായ വിലയിരുത്തൽ നടത്തണമെന്നു ഹരീഷ് പറഞ്ഞു. ഇക്കാര്യത്തിലുള്ള നിഗൂഢത നീക്കം ചെയ്യണം.
ലഷ്കർ, ജെയ്ഷ് തുടങ്ങിയ പാക്ക് ഭീകര സംഘടനകളെ നിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ചൈന ആവർത്തിച്ചു തടഞ്ഞിട്ടുണ്ട്. 1267 കമ്മിറ്റി എന്നറിയപ്പെടുന്ന ആ സമിതിക്കാണ് ഇക്കാര്യത്തിൽ ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us