ഇന്ത്യക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയ പാക്ക് സൈന്യാധിപൻ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ ഇന്ത്യ അപലപിച്ചു. പാക്കിസ്ഥാന്റെ പരമ്പരാഗത ഭീഷണി ശൈലിയാണ് യുഎസിൽ മുനീർ ഉപയോഗിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുഎസ് മണ്ണിൽ ഇന്നു വരെ ഒരു മൂന്നാം രാജ്യത്തു നിന്ന് ആരും ഉയർത്താത്ത അണ്വായുധ ഭീഷണിയാണ് പാക്കിസ്ഥാന്റെ ഭരണാധികാരിയാവുമെന്ന് കരുതപ്പെടുന്ന മുനീർ ഉയർത്തിയത്. ഫ്ലോറിഡയിലെ ടാമ്പയിൽ നൂറിലേറെ പാക്കിസ്ഥാനികൾ പങ്കെടുത്ത വിരുന്നിൽ ആയിരുന്നു സൈന്യാധിപന്റെ പോർവിളി.
"അണ്വായുധ യുദ്ധം മൂലം ഞങ്ങൾ ഇല്ലാതാവുമെന്ന ഭീഷണി വന്നാൽ ലോകത്തിന്റെ പകുതി ഞങ്ങൾ നശിപ്പിക്കും," മുനീർ പറഞ്ഞു. "ഞങ്ങൾ ആണവ രാഷ്ട്രമാണ്."
സിന്ധുനദീ ജലം തടയാൻ ഇന്ത്യയെ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. "ഇന്ത്യ അവിടെ അണക്കെട്ടു നിർമിക്കട്ടെ, ഞങ്ങൾ അത് തകർക്കും. ഇന്ത്യയുടെ ലക്‌ഷ്യം തകർക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങളുടെ കൈയ്യിലുണ്ട്."
ടാമ്പയിൽ ഓണററി കോൺസൽ ആയി പ്രവർത്തിക്കുന്ന പാക്ക് ബിസിനസ്മാൻ അദ്‌നാൻ ആസാദ് ആയിരുന്നു മുനീറിന് വിരുന്നൊരുക്കിയത്. ട്രംപിനെ നൊബേൽ സമ്മാനത്തിനു നോമിനേറ്റ് ചെയ്യുമെന്ന് ഫ്‌ളോറിഡയിൽ ആവർത്തിച്ച മുനീർ രാഷ്ട്രീയത്തിൽ സൈന്യത്തിന് നിയന്ത്രണമാവാം എന്നും അടിവരയിട്ടു പറഞ്ഞു.
ഡൽഹിയിൽ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു: "യുഎസ് സന്ദർശന വേളയിൽ പാക്ക് സൈനിക തലവൻ നടത്തിയ പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ആണവ ആയുധം കാട്ടി വിരട്ടാൻ നോക്കുന്നത് പാക്കിസ്ഥാന്റെ പതിവ് ശൈലിയാണ്. അത്തരം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിനു സ്വന്തം അഭിപ്രായം ഉണ്ടാക്കാം.
"എന്നാൽ അത് ഭീകരരുമായി കൈകോർത്തു നിന്നു പ്രവർത്തിക്കുന്ന സൈന്യമുള്ള ഒരു രാജ്യത്തു അണ്വായുധം എത്ര സുരക്ഷിതമാണ് എന്നതിനെ കുറിച്ച് സംശയം ഉയർത്തുന്നുണ്ട്."
രണ്ടു മാസത്തിനിടയിൽ രണ്ടാം യുഎസ് സന്ദർശനത്തിന് എത്തിയ മുനീർ സുഹൃദ് രാജ്യത്തിൻറെ മണ്ണിൽ നിന്നാണ് ഈ ഭീഷണി ഉയർത്തിയത് എന്നതു ഖേദകരമാണെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. "ആണവ ഭീഷണിക്കൊന്നും വഴങ്ങുന്ന രാജ്യമല്ല ഇന്ത്യ. ഞങ്ങളുടെ ദേശരക്ഷയ്ക് എന്ത് നടപടികൾ എടുക്കണമെന്നു ഞങ്ങൾക്ക് അറിയാം."
ജൂണിൽ പ്രസിഡന്റ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു യുഎസിൽ എത്തുകയും വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം ട്രംപിനെ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യമെന്നു അറിയിക്കുകയും ചെയ്ത മുനീർ പക്ഷെ വാഷിംഗ്ടണിൽ താമസിച്ച ഹോട്ടലിനു പുറത്തു പാക്കിസ്ഥാനികളുടെ പ്രതിഷേധ പ്രകടനങ്ങൾ നേരിട്ടിരുന്നു. നീതിന്യായ വ്യവസ്ഥയെ കാറ്റിൽ പറത്തി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ അടച്ചതിനെതിരെ അദ്ദേഹത്തിന്റെ പി ടി ഐ പാർട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.