/sathyam/media/media_files/2025/10/17/gvb-2025-10-17-04-31-52.jpg)
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്നു 'മഹാനായ ഉറ്റ സുഹൃത്ത്' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം ന്യൂ ഡൽഹിയിൽ വിദേശകാര്യ വകുപ്പ് തള്ളി. ട്രംപിന്റെ പേരെടുത്തു പറയാതെ നടത്തിയ പരോക്ഷമായ പ്രതികരണത്തിൽ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു: "അസ്ഥിരമായ ഊർജ വിപണിയിൽ ഇന്ത്യ ഇടപെടുന്നത് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുക എന്ന ലക്‌ഷ്യം മനസിൽ വച്ചാണ്. അത് രാജ്യത്തിൻറെ സ്ഥിരമായ നയമാണ്. മറ്റൊരു പരിഗണനയും വിഷയമല്ല.
"വിലകളും ലഭ്യതയും സുസ്ഥിരമാവണം എന്ന കാര്യത്തിൽ നമുക്ക് ഉറപ്പു വേണം. അതിനു വേണ്ടി പല ഉറവിടങ്ങളെ ആശ്രയിക്കും, അത് വിപണിയിലെ അവസ്ഥയെ പോലെ തീരുമാനിക്കും."
യുഎസ് എണ്ണയും വേണ്ടത്ര വാങ്ങുന്നുണ്ടെന്നു ജയ്‌സ്വാൾ പറഞ്ഞു. "വർഷങ്ങളായി നമ്മൾ അത് വർധിപ്പിച്ചു കൊണ്ടിരിക്കയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ അത് തുടർച്ചയായി വർധിച്ചു. ഇന്ത്യയുമായി ഊർജ സഹകരണം കൂട്ടാൻ അവർക്കു താല്പര്യമുണ്ട്. അതിനു ചർച്ച നടക്കുന്നുണ്ട്."
കഴിഞ്ഞ ദിവസമാണ് മോദി തനിക്കു ഉറപ്പു തന്നതെന്നു ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. "റഷ്യയുടെ മേൽ സമ്മർദം ചെലുത്താൻ കഴിയുന്ന വലിയ ചുവടു വയ്പാണിത്. അടുത്തതായി ചൈനയെ പ്രേരിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയും ചൈനയുമാണ് ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്നത്. ആ പണം കൊണ്ട് റഷ്യ യുക്രൈൻ യുദ്ധം തുടരുന്നു എന്നാണ് ട്രംപിന്റെ ആക്ഷേപം.
ട്രംപിന്റെ പ്രസ്താവന വിപണിയിൽ ചലനമുണ്ടാക്കിയെന്നു ബ്ലൂംബെർഗ് പറഞ്ഞു. എണ്ണ വില അഞ്ചു മാസത്തിനു ശേഷം ഉയർന്നു.
ട്രംപിന്റെ അവകാശവാദം ഡൽഹിയിൽ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് തള്ളി. ഇന്ത്യയുടെ ഊർജ നയം ദേശീയ താൽപര്യങ്ങളും ജനങ്ങളുടെ ക്ഷേമവും കണക്കിലെടുത്താണ് തീരുമാനിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
"റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു വളരെ പ്രയോജനപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞു.