/sathyam/media/media_files/2026/02/09/h-2026-02-09-04-03-42.jpg)
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച ഉഭയകക്ഷി ധാരണകളുടെ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കി. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിരുന്ന നികുതിയില്‍ വന്‍ കുറവുണ്ടാകും.
നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കാന്‍ ധാരണയായി. വസ്ത്രങ്ങള്‍ , പാദരക്ഷകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, പ്ളാസ്ററിക്, റബ്ബര്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കും.
അമേരിക്കയില്‍ നിന്നുള്ള ബദാം, വാള്‍നട്ട്, സംസ്കരിച്ച പഴങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കുന്ന സെന്‍സിറ്റീവ് ഉത് പ്പന്നങ്ങളെയും ഡയറി മേഖലയെയും കരാറില്‍ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്‍റെ ഉത്പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം വാങ്ങാനും ധാരണയുണ്ട്.
ജെനറിക് മരുന്നുകള്‍, രത്നങ്ങള്‍, വജ്രം എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതികള്‍ പിന്‍വലിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാകുന്നത്. 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും ഈ കരാര്‍ വഴിയൊരുക്കും. നികുതി ഭാരം കുറയുന്നത് ഇന്ത്യയിലെ ചെറുകിട~ഇടത്തരം വ്യവസായികള്‍ക്ക് വലിയ ആശ്വാസമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us