/sathyam/media/media_files/2025/08/15/vvccx-2025-08-15-03-55-47.jpg)
ഇന്തോ-യുഎസ് ബന്ധങ്ങളിൽ ഉണ്ടായ അസ്വസ്ഥതകൾ പരിഗണിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ന്യൂ ജേഴ്‌സി ബെഡ്‌മിൻസ്റ്ററിൽ ഓഗസ്റ്റ് 21നു നടത്താനിരുന്ന ഗോൾഫ് മത്സരം മാറ്റി വച്ചു. യുഎസിലെയും ഇന്ത്യൻ സമൂഹത്തിലെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കാനിരുന്ന മത്സരമായിരുന്നു യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്നർഷിപ് ഫോറം (യുഎസ്ഐഎസ്പിഎഫ്) സംഘടിപ്പിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു ട്രംപ് 25% അധിക തീരുവ ചുമത്തിയതോടെ ഈ കൂട്ടായ്‌മ കൊണ്ടു ഇപ്പോൾ കാര്യമില്ലെന്ന നിഗമനത്തിലാണ് മാറ്റിവച്ചത്.
ട്രംപ് ഓർഗനൈസേഷൻ ഉടമയിലുള്ള ട്രംപ് നാഷനൽ ഗോൾഫ് ക്ലബ് പ്രസിഡന്റിനും കുടുംബത്തിനും പ്രിയപ്പെട്ട വിശ്രമ കേന്ദ്രമാണ്. 2002ലാണ് 600 ഏക്കർ സ്ഥലം ട്രംപ് വാങ്ങിയത്. 2004ൽ ഗോൾഫ് ക്ലബ് തുറന്നു.
അഡോബ് സി ഇ ഓ: ശന്തനു നാരായൺ, ഫെഡ്എക്സിന്റെ രാജ് സുബ്രമണ്യം, ഐ ബി എമ്മിന്റെ അർവിന്ദ് കൃഷ്‌ണ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യക്കാരെ മത്സരത്തിനു ക്ഷണിച്ചിരുന്നു. യുഎസ് പക്ഷത്തു നിന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ന്യൂ യോർക്ക് മേയർ എറിക് ആഡംസ് തുടങ്ങിയവരെ വിളിച്ചിരുന്നു.
അൻപതോളം പ്രമുഖർ കളിക്കുന്ന മത്സരം അവസാനിക്കുന്നത് ബ്ലാക് ടൈ ഡിന്നറിൽ എന്നായിരുന്നു പരിപാടി. ട്രംപും എത്തുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച്ച ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും തമ്മിൽ അലാസ്‌കയിൽ നടക്കുന്ന കൂടിക്കാഴ്ച്ച ഇന്ത്യക്കും പ്രധാനമാണ്. റഷ്യയുമായി ഒത്തുതീർപ് ഉണ്ടായാൽ ട്രംപ് ഉപരോധം പിൻവലിക്കയും ഇന്ത്യയുടെ മേൽ ചുമത്തിയ അധിക തീരുവ നീക്കം ചെയ്യുകയും ചെയ്യും എന്നാണ് പ്രതീക്ഷ.
സ്തംഭിച്ചു നിൽക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങാൻ ഓഗസ്റ്റ് 25നു അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രെസെന്റേറ്റീവ് ബ്രെണ്ടൻ ലിഞ്ച് ഡൽഹിയിൽ എത്തുന്നുണ്ട്.