സൗന്ദര്യ മത്സരങ്ങളുടെ ഗ്ലാമറിനപ്പുറം സാമൂഹ്യ സന്ദേശവുമായി മിസ് ന്യൂ ജേഴ്‌സി പട്ടം കെട്ടിയ ഇന്ത്യൻ അമേരിക്കൻ സുന്ദരി ആസ്‌മി കൗശൽ (19). വിദ്യാഭ്യാസ രംഗത്ത് തുല്യത വേണമെന്ന ആവശ്യം ഉയർത്തിപ്പിടിച്ചു ജൂലൈയിൽ ടെനസിയിൽ നടക്കുന്ന മിസ് ഇന്റർനാഷനൽ മത്സരത്തിനു തയാറെടുക്കുകയാണ് കൗശൽ.
ഇന്ത്യയിൽ ജനിച്ചു ആറു വയസിൽ ന്യൂ ജേഴ്സിയിൽ എത്തിയ കൗശൽ കുടുംബത്തിൽ നിന്നു യുഎസ് കോളജിൽ പോകുന്ന ആദ്യ വ്യക്തിയാണ്. ആ നിലയ്ക്കു കുടിയേറ്റക്കാർക്കും ആദ്യ തലമുറക്കാർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കൗശലിനു അറിയാം.
"ഗ്രെയ്‌ഡുകൾ നേടുന്നതു കൊണ്ടു മാത്രം തീരുന്നതല്ല ഹൈ സ്‌കൂളിലെയും കോളേജിലെയും വിജയം. നമ്മുടെ മാതാപിതാക്കൾ ഇവിടെ പഠിച്ചിട്ടില്ലെങ്കിൽ നമുക്കു ഇതല്പം കഠിനമാവാം."
റട്ട്ഗേഴ്സ്-ന്യൂ ബ്രൂൺസ്വികിൽ മെക്കാനിക്കൽ എൻജിനിയറിങ് മേജർ കഴിഞ്ഞ കൗശൽ അമേരിക്കൻ വിദ്യാഭ്യാസ രംഗത്ത് എങ്ങിനെ നേടാൻ കഴിയും എന്നു മനസിലാക്കാൻ യുവജനങ്ങളെ സഹായിക്കയാണ്. "എന്തെല്ലാം അവസരങ്ങൾ നിലവിലുണ്ട് എന്നു പോലും പല കുടിയേറ്റ കുടുംബങ്ങൾക്കും അറിയില്ല. അതിനൊരു മാറ്റം വരണം."
പഠനത്തിന്റെ ആസൂത്രണം, വോളന്റിയർ പ്രോഗ്രാമുകൾ, സമ്മർ പാഠ്യ പദ്ധതികൾ ഇവയൊക്കെ പരിചയപ്പെടുത്തുന്ന സൗജന്യ വർക്ഷോപ്പുകൾ കൗശൽ ഇന്റർനെറ്റിലും തന്റെ പഴയ സ്കൂളിലും ആരംഭിച്ചു കഴിഞ്ഞു.
നിയമപഠനത്തിൽ താല്പര്യം ഉണ്ടായിരുന്ന കൗശൽ എഞ്ചിനിയറിങ്ങിലേക്കു തിരിഞ്ഞത് മാത്‍സ്, സയൻസ് എന്നിവയിൽ മികവുണ്ടെന്നു തിരിച്ചറിഞ്ഞപ്പോഴാണ്. എയ്‌റോസ്‌പേസിലാണ് ഇപ്പോൾ കണ്ണ്.
റട്ഗേഴ്സിൽ സൊസൈറ്റി ഫോർ വിമെൻ എഞ്ചിനിയേഴ്സിൽ സജീവമാണ് കൗശൽ. "എവിടെ എത്തി എന്നതിൽ എനിക്ക് അഭിമാനമുണ്ട്," അവർ പറയുന്നു. "മറ്റുള്ളവരും അവിടെ എങ്ങിനെ എത്താമെന്ന് അറിയണം."