യുഎസ് ഹൗസ് അംഗീകരിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഭ്യന്തര അജണ്ട അടങ്ങുന്ന ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് അംഗങ്ങൾ ചൂണ്ടിക്കാട്ടി. റെപ്. പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, ആമി ബെറ, ശ്രീ തനെദാർ, സുഹാസ് സുബ്രമണ്യം എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു.
ബിൽ സമ്പന്ന വർഗത്തെ അമിതമായി സഹായിക്കുകയും സാധാരണക്കാരനെ ദുരിതത്തിലേക്കു തള്ളി വിടുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. സുപ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് ബിൽ കത്തി വയ്ക്കുന്നു.
ഈ ക്രൂരമായ വഞ്ചന അമേരിക്കൻ ജനതയെ കൂടുതൽ ദരിദ്രരാക്കുമെന്നു ജയപാൽ ചൂണ്ടിക്കാട്ടി. "17 മില്യൺ അമേരിക്കക്കാരുടെ ആരോഗ്യ രക്ഷ ഇത് ഇല്ലാതാക്കും. എല്ലാവർക്കും ചികിത്സ ചെലവുകൾ ഉയരും. 300 ഗ്രാമീണ ആശുപത്രികൾ പൂട്ടേണ്ടി വരും.
"കാൻസർ പരിശോധന നടത്തുന്ന കേന്ദ്രങ്ങളും അടിസ്ഥാന പ്രത്യുല്പാദന ചികിത്സ നടത്തുന്ന കേന്ദ്രങ്ങളും അടച്ചു പൂട്ടും. ദശലക്ഷക്കണക്കിനു വിശക്കുന്ന കുടുംബങ്ങൾക്കു ഭക്ഷണ സഹായം നഷ്ടമാവും. സ്‌നാപ് ന്യൂട്രീഷൻ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിത്."
റിപ്പബ്ലിക്കൻ പാർട്ടി ദരിദ്രരുടെ പണം ഏറ്റവുമധികം പണക്കാർക്ക് കൈമാറുന്ന ബില്ലാണ് അംഗീകരിച്ചു വിട്ടതെന്ന് അവർ ആരോപിച്ചു.
ബില്ലിനെ ക്രൂരവും വെളിവുകെട്ടതും എന്നാണ് റെപ്. രാജ കൃഷ്ണമൂർത്തി വിളിച്ചത്. "മില്യൺ കണക്കിനാളുകൾക്കു ആരോഗ്യ രക്ഷ നഷ്ടമാവും, ജോലി ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾക്ക് ചെലവേറും. അതേ സമയം, അതി സമ്പന്നർക്ക് വിശാലമായ നികുതി ഇളവാണ് ലഭിക്കുക."
റെപ്. തനെദാർ പറഞ്ഞു: "ഈ വലിയ വൃത്തികെട്ട ബിൽ 17 മില്യൺ ആളുകളുടെ ആരോഗ്യ രക്ഷയാണ് നഷ്ടമാക്കുന്നത്. രണ്ടു മില്യൺ പേർക്ക് കൂടി ഭക്ഷണം ഇല്ലാതാവും. ശതകോടീശ്വരന്മാർക്കു വമ്പൻ നികുതി ഇളവും കിട്ടും."
അധികാരമേറ്റാൽ ആദ്യ ദിവസം വിലകൾ കുറയ്ക്കുമെന്നു ഉറപ്പു നൽകിയ ട്രംപ് ആറു മാസം കഴിഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വിർജിനിയയിൽ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് വൻ നഷ്ടങ്ങളാണ് ഉണ്ടാവുകയെന്ന് സുഹാസ് സുബ്രമണ്യം ചൂണ്ടിക്കാട്ടി. ഈ 'വൃത്തികെട്ട വമ്പൻ ബിൽ' ഒരു കൊടിയ വഞ്ചനയാണ്.
"അത് വിലകൾ ഉയർത്തും, ആരോഗ്യരക്ഷയും ഭക്ഷ്യ സുരക്ഷയും ഇല്ലതാക്കും. രാജ്യത്തിൻറെ കട ബാധ്യത കുതിച്ചുയരുകയും ചെയ്യും."
സാമ്പത്തിക വിദഗ്ദൻ കൂടിയായ റെപ്. റോ ഖന്ന പറഞ്ഞു: "ട്രംപ് കുറഞ്ഞ വരുമാനക്കാരുടെയും അധ്വാന വർഗത്തിന്റെയും പണം എടുത്തു ഏറെ സമ്പന്നരായവരുടെ പോക്കറ്റിൽ ഇട്ടു കൊടുക്കുകയാണ്. ഇത് സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുകയും ചെയ്യും."