സിയാറ്റിൽ സിറ്റി കൗൺസിൽ അംഗമായിരുന്ന ഇന്ത്യൻ അമേരിക്കൻ ക്ഷമാ സാവന്ത് 2026ൽ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ദീർഘകാലമായി വാഷിംഗ്‌ടൺ 9ആം ഡിസ്ട്രിക്ട് പ്രതിനിധിയായ ഡെമോക്രാറ്റിക് റെപ്. ആഡം സ്മിത്തിനെയാണ് സാവന്ത് വെല്ലുവിളിക്കുന്നത്.
സ്മിത്ത് യുദ്ധക്കൊതിയന്മാരുടെ കൂട്ടാളിയാണെന്നു സിയാറ്റിലിൽ നടന്ന പ്രസ് കോൺഫറൻസിൽ ആരോപിച്ച സാവന്ത് (51) ഇസ്രയേലിനുള്ള യുഎസ് സൈനിക സഹായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ചേരിയിൽ നിൽക്കുന്ന അവരുടെ മറ്റൊരു പ്രധാന ആവശ്യം എല്ലാവർക്കും മെഡികെയർ ലഭ്യമാക്കണം എന്നാണ്.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഒന്നു പോലെ യുദ്ധക്കൊതിയന്മാർ ആണെന്നു സാവന്ത് ആരോപിച്ചു. അവർ ശതകോടീശ്വരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരാണ്. തൊഴിലെടുത്തു ജീവിക്കുന്നവർക്ക് പാർട്ടിയില്ല.
2014 മുതൽ 2023 വരെ സിറ്റി കൗൺസിലിൽ അംഗമായിരിക്കെ മിനിമം വേതനം $15 ആക്കാൻ താൻ പോരാടിയെന്നു സാവന്ത് പറഞ്ഞു. വാടക നിയന്ത്രിക്കാൻ ശ്രമങ്ങൾ നടത്തി. പാർപ്പിടങ്ങളുടെ വിലകുറയ്ക്കാൻ ആമസോൺ ടാക്സ് കൊണ്ടുവന്നു.
"അണിയറ കളികളും പാർട്ടി ബന്ധവും ഇല്ലാത്തതു കൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. പുരോഗമനം അവകാശപ്പെടുന്നവരെ പോലെയല്ല ഞാൻ, എന്റെ വാക്ക് പാലിച്ചു. ഇനി ആ പോരാട്ടം കോൺഗ്രസിലേക്കു കൊണ്ടുപോകാൻ നേരമായി."
കോൺഗ്രസ് അംഗമായാൽ ശരാശരി തൊഴിലാളി വാങ്ങുന്ന വേതനം മാത്രമേ താൻ സ്വീകരിക്കൂ എന്ന് സാവന്ത് പറഞ്ഞു. ബാക്കി തൊഴിലാളികൾക്കും സാമൂഹ്യ നീതിക്കും വേണ്ടി സംഭാവന ചെയ്യും =.
ആഡം സ്മിത്ത് ആയുധ ലോബിയുടെ ആളാണെന്നു സാവന്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം ഇസ്രയേലിന് ആയുധം നൽകുന്നതിനെ പിന്തുണയ്ക്കുന്നു. ഇറാഖ്, അഫ്ഘാൻ, യെമെൻ, യുക്രൈൻ യുദ്ധങ്ങൾക്ക് അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്.