ന്യു ജേഴ്‌സി: ന്യു ജേഴ്‌സി അസംബ്ലിയിലേക്കു സ്റ്റെർലി സ്റ്റാൻലി (ഡെമോക്രാറ്റ്-മിഡിൽസെക്സ്) മൂന്നാം വട്ടവും ജയിച്ചു.മിഡിൽസെക്സ് കൗണ്ടിയെ പ്രതിനിധീകരിക്കുന്ന ആദ്യ ദക്ഷിണേഷ്യനാണ് സ്റ്റാൻലി.
ആദ്യം 2021 ജനുവരിയിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ 18ആ മത്തെ ഡിസ്ട്രിക്ട് അസംബ്ലി സീറ്റിൽ ജയിച്ച സ്റ്റാൻലി പിന്നീട് നവംബറിലെ പൊതുതെരെഞ്ഞെടുപ്പിലും വിജയം കണ്ടു.
കർണാടകയിൽ ജനിച്ച സ്റ്റാൻലി ചെറുപ്പത്തിൽ തന്നെ ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് കുടിയേറിയതാണ്. കഴിഞ്ഞ 23 വർഷമായി ഈസ്റ്റ് ബ്രൺസ്‌വിക്കിലാണ് താമസം. ടൈറ്റിൽ ആൻഡ് ലൈഫ് ഇൻഷുറൻസ് ഏജന്റായും മോർട്ട്ഗേജ് ബ്രോക്കറായും അദ്ദേഹം ധനകാര്യ രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. മിഡിൽസെക്സ് കൗണ്ടി കമ്മ്യൂണിറ്റിയിൽ സജീവമായി പങ്കെടുക്കുന്ന സ്റ്റാൻലി, ഈസ്റ്റ് ബ്രൺസ്വിക്കിലെ ലൈറ്റ്ഹൗസ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ ട്രസ്റ്റിയായും ഫോക്സ് മെഡോ കോണ്ടൊമിനിയം അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമവും പൊതു സുരക്ഷയും സംബന്ധിച്ച അസംബ്ലി കമ്മിറ്റി അംഗമായും ആരോഗ്യ നിയമസഭാ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്ന സ്റ്റാൻലിയെ ജയിപ്പിച്ച മിഡിൽസെക്സിൽ സംസ്ഥാനത്തു ഏറ്റവുമധികം ഏഷ്യക്കാർ താമസിക്കുന്നു. തന്റെ ഡിസ്ട്രിക്ടിലെ ആളുകളെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു എന്ന് നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്റ്റാൻലി പ്രസ്താവനയിൽ പറഞ്ഞു.
വൈവിധ്യം മുഖമുദ്രയായ തന്റെ നാടിന്റെയും സംസ്ഥാനത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗണ്ടി മധ്യവർഗത്തെയും ഏറ്റവും ദുർബലരായ താമസക്കാരെയും സംരക്ഷിക്കുന്നതിനായിരിക്കും തന്റെ മുൻഗണന എന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാൻലി ഈസ്റ്റ് ബ്രൺസ്വിക്ക് കൗൺസിൽമാനായി രണ്ട് തവണ സേവനമനുഷ്ഠിച്ചു. ഈസ്റ്റ് ബ്രൺസ്വിക്ക് കൗൺസിലിൽ ആയിരിക്കുമ്പോൾ, സാമ്പത്തിക ഉത്തരവാദിത്തം, സാമ്പത്തിക പുനർവികസനം, കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി അദ്ദേഹം വാദിച്ചിരുന്നു. 2020 ലും കൗൺസിൽ പ്രസിഡന്റായിരുന്നു. സത്യസന്ധതയും അർപ്പണബോധവുമുള്ള പൊതുപ്രവർത്തനെന്നാണ് സ്റ്റാൻലിയെ അസംബ്ലി ഡെമോക്രാറ്റിക് കോക്കസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ ന്യൂ ജേഴ്‌സി സ്റ്റേറ്റ് അസംബ്ലി സ്പീക്കർ ക്രെയ്ഗ് കോഫ്ലിൻ വിശേഷിപ്പിച്ചത്.
കൗൺസിൽമാനായിരുന്ന സമയത്ത്, പുനർവികസന ഏജൻസി സ്ഥാപിക്കാൻ സഹായിക്കുന്നതിനുള്ള സ്റ്റാൻലിയുടെ ശ്രമങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. പ്രാദേശിക ബിസിനസുകൾ അഭിവൃദ്ധി പ്രാപിക്കുന്നതിനുവേണ്ടിയും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സ്റ്റാൻലി ഏറെ പരിശ്രമിച്ചു.