/sathyam/media/media_files/y0qUceF87Bk3e742Ny3S.jpg)
വാഷിംഗ്ടൺ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധ ഗീത ബത്രയെ വേൾഡ് ബാങ്കിന്റെ ഗ്ലോബൽ എൻവയൺമെൻറ് ഫെസിലിറ്റിയിൽ (ജിഇഎഫ്) ഇൻഡിപെൻഡന്റ് ഇവാല്യൂവേഷൻ ഓഫിസ് (ഐ ഇ ഒ) ഡയറക്‌ടറായി നിയമിച്ചു. വികസ്വര രാജ്യങ്ങളിൽ നിന്ന് ഈ ഉന്നത പദവിയിൽ എത്തുന്ന ആദ്യ വനിതയാണ് ബത്ര.
ഈ ഓഫിസിൽ തന്നെ ചീഫ് ഇവാലുവേറ്റർ&ഡപ്യൂട്ടി ഡയറക്റ്റർ ആണ് ബത്ര (57) ഇപ്പോൾ. ഫെബ്രുവരി 9നു വാഷിംഗ്‌ടണിൽ നടന്ന ജി ഇ എഫ് കൗൺസിൽ യോഗത്തിലാണ് ബത്രയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
ന്യൂ ഡൽഹിയിൽ ജനിച്ച ബത്ര മുംബൈ വില്ല തെരേസ ഹൈ സ്കൂളിലും പിന്നീട് ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളജിലുമാണ് പഠിച്ചത്. ഇക്കണോമിക്‌സിൽ ബിരുദം എടുത്ത ശേഷം മുംബൈ എൻഎംഐഎംഎസിൽ നിന്ന് എം ബി എ പൂർത്തിയാക്കി.
ഇക്കണോമിക്‌സിൽ പിഎച് ഡി ചെയ്യാൻ 1990ൽ യുഎസിൽ എത്തി. ഡോക്ടറേറ്റ് എടുത്ത ശേഷം ആദ്യ ജോലി അമേരിക്കൻ എക്സ്പ്രസിൽ ആയിരുന്നു. 1998ൽ വേൾഡ് ബാങ്കിന്റെ പ്രൈവറ്റ് സെക്ടർ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ ചേർന്നു. ഏഴു വർഷം അവിടെ ജോലി ചെയ്യുമ്പോൾ ഈസ്റ്റ് ഏഷ്യ, ലാറ്റിൻ അമേരിക്ക മേഖലകളിലെ പ്രോജക്ടുകൾ ആയിരുന്നു നോക്കിയിരുന്നത്.
ഐ ഇ ഒ സ്ഥാപിച്ചത് 2003ലാണ്. ബത്ര 2015ൽ അവിടെ ചേർന്നു.
നോർത്തേൺ വിർജിനിയയിൽ ഭർത്താവ് പ്രകാശും മകൾ റോഷ്‌നിയുമൊത്താണ് ബത്ര താമസിക്കുന്നത്.