സൗത്ത് കരളിനയിൽ ഇന്ത്യൻ വീട്ടമ്മയെ കടയിൽ കയറി വെടിവച്ചു

New Update
Bhb

സൗത്ത് കരളിനയിൽ 23 വർഷമായി ഫുഡ് സ്റ്റോർ നടത്തിയിരുന്ന ഗുജറാത്തി വീട്ടമ്മയെ കടയിൽ കയറി യുവാവ് വെടിവച്ചു കൊന്നു. കിരൺ പട്ടേലിനെ (49) ഓടിച്ചിട്ടു വെടിവയ്ക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ സമൂഹം ഞെട്ടലോടെയാണ് കണ്ടത്.

Advertisment

യൂണിയൻ കൗണ്ടിയിൽ സെപ്റ്റംബർ 16നു നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിന്റെ ഭാഗമാണെന്നു റിപ്പോർട്ട് ഉണ്ടെങ്കിലും ഇന്ത്യൻ സമൂഹം അതിൽ വംശീയ വിദ്വേഷം സംശയിക്കുന്നുണ്ട്. കവർച്ചാ ശ്രമത്തെക്കാൾ ഉപരി, കൗണ്ടറിനു മുകളിൽ കൂടി ചാടിക്കയറിയും മറ്റും കിരൺ പട്ടേലിനെ ഓടിച്ചിട്ടു വെടിവയ്ക്കുന്ന ദൃശ്യങ്ങളാണ് അതിന് കാരണം. സ്റ്റോറിനു പുറത്തു പാർക്കിങ്ങിലാണ് അവർ മരിച്ചു കിടന്നിരുന്നത്.

കുറ്റാരോപിതൻ സെയ്ഡാൻ മാക്ക് ഹിൽ അറസ്റ്റ് ചെയ്യപ്പെട്ടത് മൂന്നു ദിവസം കഴിഞ്ഞാണ്. അറസ്റ്റിനെത്തിയ സൗത്ത് കരളിന സ്വാറ്റ് ടീമുമായി അയാൾ ഒരു മണിക്കൂറോളം ഏറ്റുമുട്ടി.

രാത്രി 10 മണിക്ക് ശേഷം പട്ടേൽ വധിക്കപ്പെടുന്നതിനു മുൻപ് പകൽ യൂണിയൻ കൗണ്ടിയിൽ തന്നെ സൗത്ത് മൗണ്ടൻ സ്ട്രീറ്റിൽ 67 വയസുള്ള ചാൾസ് നാഥൻ ക്രോസ്ബി എന്നൊരാൾ വെടിയേറ്റു മരിച്ചതായും റിപ്പോർട്ടുണ്ട്. രണ്ടു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു പോലീസ് പറയുന്നു.

രാത്രി പത്തരയോടെയാണ് സൗത്ത് പിങ്ക്നി സ്ട്രീറ്റിൽ ഡി ഡി ഫുഡ് മാർട്ടിൽ വെടിവയ്‌പുണ്ടായി എന്നു പോലീസിനു വിവരം കിട്ടുന്നത്. അവർ എത്തുമ്പോൾ പട്ടേൽ പാർക്കിങ്ങിൽ വെടിയേറ്റ് മരിച്ചു കിടക്കുകയാണ്.

പട്ടേലിനു വേണ്ടി ആരംഭിച്ച ഗോഫണ്ട്മി പേജിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.പട്ടേൽ പണം എണ്ണുമ്പോഴാണ് ഹിൽ പാഞ്ഞുകയറി നിറയൊഴിച്ചതെന്നു അതിൽ പറയുന്നു. അയാൾ കൗണ്ടറിനു മുകളിലൂടെ ചാടിക്കയറി അവരെ വെടിവച്ചു.

കിരൺ പട്ടേൽ പ്ലാസ്റ്റിക് കുപ്പി പോലെ എന്തോ ഒന്ന് ഹില്ലിനെതിരെ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നിട്ട് അവർ ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഹിൽ പിന്നാലെ പാഞ്ഞു ചെന്ന് തുരുതുരാ വെടി വയ്ക്കുന്നു.

പാർക്കിംഗ് ലോട്ടിൽ കഷ്‌ടിച്ച് 20 അടി ഓടിയപ്പോഴേക്കു പട്ടേൽ വെടിയേറ്റു വീണു. അവർ ബോധം കെട്ടു കിടക്കുമ്പോൾ അയാൾ ഒരിക്കൽ കൂടി വെടിവച്ചു.

പട്ടേലിനെ വധിച്ചയാൾ തന്നെയാണ് ക്രോസ്ബിയെയും വധിച്ചതെന്നു പോലീസ് പറയുന്നത് ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. രണ്ടു സ്ഥലത്തും 9 മില്ലിമീറ്റർ ഷെൽ കേസിംഗ്സ് കണ്ടെത്തി.

കിരൺ പട്ടേലിന്റെ ഭർത്താവ് ഹരീഷ് പട്ടേൽ പറയുന്നത് സ്റ്റോർ അടയ്ക്കാൻ രണ്ടേ രണ്ടു മിനിറ്റ് വൈകി എന്നാണ്. അവരെ വീട്ടിലേക്കു കൊണ്ടു പോകാൻ പുറത്തു കാർ എത്തിയിരുന്നു.ഹില്ലിനെ കൗണ്ടി ജയിലിൽ അടച്ചു.

Advertisment