ബ്രാംപ്ടൺ : ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണിനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 29 വയസ്സുള്ള കൻവർജ്യോത് സിങ് മനോരിയയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പീൽ റീജിനൽ പൊലീസ് അറിയിച്ചു. വധഭീഷണി മുഴക്കിയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മേയറുടെ ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിനെത്തുടർന്ന് രണ്ടാഴ്ചയോളം മേയറുടെ വീടിനും കുടുംബത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷ്‌ണോയി സംഘത്തിനെതിരെയുള്ള പരാമർശങ്ങളുടെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും മേയർക്കോ കുടുംബത്തിനോ സമൂഹത്തിനോ ഇനി ഭീഷണിയല്ലെന്നും പൊലീസ് വ്യക്തമാക്കി. മനോരിയയെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. തനിക്ക് ലഭിക്കുന്ന ആദ്യത്തെ വധഭീഷണിയല്ലിതെന്നും, ഇത്തരം ഭീഷണികൾ പൊതുസുരക്ഷയെക്കുറിച്ചുള്ള തന്റെ നിലപാടുകളെ മാറ്റില്ലെന്നും പാട്രിക് ബ്രൗൺ പ്രതികരിച്ചു.