കോർണെൽ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് ആയി ഇന്ത്യൻ വംശജ കവിത ബാല (51) നിയമിതയായി. ജനുവരി 1നു സ്ഥാനമേൽക്കുന്ന അവർക്കു അഞ്ചു വര്ഷം ആ ചുമതല വഹിക്കാം. ഇപ്പോൾ കോർണെൽ ആൻ എസ്. ബവേഴ്സ് കോളജ് ഓഫ് കംപ്യൂട്ടിങ് ആൻഡ് ഐ ടി യുടെ ഡീൻ ആണ്.ആ ചുമതലയിൽ കവിത അസാമാന്യ മികവ് കാട്ടിയെന്നു യൂണിവേഴ്സിറ്റി ഇടക്കാല പ്രസിഡന്റ് മൈക്കൽ ഐ. കൊറ്റ്ലികോഫ് പറഞ്ഞു.
ബോർഡ് ഓഫ് ട്രസ്റ്റീസ് ആണ് അവരെ പ്രൊവോസ്റ്റായി നിയമിക്കാൻ തീരുമാനമെടുത്തത്.കമ്പ്യൂട്ടർ വിഷനിലും ഗ്രാഫിക്സിലും വിദഗ്ദ്ധയായ കവിത പുതിയ നിയമനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. "അവിശ്വസനീയമായ ആദരവും പ്രത്യേക അവകാശവുമാണിത്," മുംബൈ സ്വദേശിനി പറഞ്ഞു.
പ്രൊവോസ്റ്റ് എന്ന നിലയിൽ പാഠ്യപദ്ധതികൾ തയാറാക്കുക, തന്ത്രപരമായ ആസൂത്രണം നടത്തുക, ബജറ്റിനു രൂപം നൽകുക തുടങ്ങിയ ജോലികളാണ് പ്രധാനം. കാൽ നൂറ്റാണ്ടോളം കോർണെലിൽ തന്നെ ജോലി ചെയ്ത അവർ അധ്യാപക ബലം 30% കൂട്ടുകയും പുതിയ കെട്ടിടങ്ങൾ നിർമിക്കയും ചെയ്തു.
മുംബൈ ഐ ഐ ടിയിൽ നിന്നു ബിരുദവും മാസച്ചുസെറ്റ്സ് ഐ ഐ ടിയിൽ നിന്നു മാസ്റ്റേഴ്സും നേടി.