/sathyam/media/media_files/2025/04/21/bzSTsy4KjiFE2lst5Fc2.jpg)
ടെക്സസ് : ടെക്സസിലെ ഡെന്റണിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ വംഗവൊലു ദീപ്തിയാണ് (23) മരിച്ചത്. രാജേന്ദ്രനഗറിൽ താമസിക്കുന്ന ദീപ്തിയുടെ കോഴ്സ് പൂർത്തിയാക്കാൻ ഇനി വെറും ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സംഭവം നടന്നത് ഏപ്രിൽ 12ന് ആണ്. ദീപ്തിയും സുഹൃത്ത് സ്നിഗ്ധയും നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന ഒരു കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി തലക്ക് പരിക്കേറ്റ ദീപ്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏപ്രിൽ 15ന് മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്നിഗ്ധ ചികിത്സയിലാണ്. 'ഏപ്രിൽ 10-നാണ് അവൾ അവസാനമായി വിളിച്ചത്. ക്ലാസ് കഴിഞ്ഞ് വന്നിട്ട് വീണ്ടും സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന വാക്കുകൾ' - ദീപ്തിയുടെ അമ്മ രമാദേവി പറയുന്നു. ദീപ്തിയുടെ അച്ഛൻ ഹനുമന്ത റാവു തന്റെ മകൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നെന്ന് വേദനയോടെ ഓർക്കുന്നു.
'പത്താം ക്ലാസിലും ഇന്റർമീഡിയറ്റിലും എഞ്ചിനീയറിങ്ങിലും അവൾ ഒന്നാമതായിരുന്നു. അമേരിക്കയിൽ പഠിക്കണമെന്ന അവളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങൾ കുറച്ച് ഭൂമി വിറ്റു. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വരാനായി അവൾ ഞങ്ങളെ ക്ഷണിച്ചിരുന്നു. എന്നാൽ ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവൾ ഞങ്ങളെ വിട്ടുപോയി' - ഹനുമന്ത റാവു പറയുന്നു. ദീപ്തിയുടെ മൃതദേഹം ശനിയാഴ്ചയോടെ ഗുണ്ടൂരിൽ എത്തിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us