/sathyam/media/media_files/2025/08/23/bbzb-2025-08-23-03-41-41.jpg)
ഫ്ലോറിഡയിൽ മൂന്നു പേരുടെ ജീവനെടുത്ത ട്രക്ക് അപകടത്തിനു ശേഷം കാലിഫോര്ണിയയിലേക്കു പലായനം ചെയ്ത ഇന്ത്യൻ ട്രക്ക് ഡ്രൈവർ ഹർജിന്ദർ സിംഗിനെ പോലീസ് പിടികൂടി ഫ്ലോറിഡയിലേക്കു തിരിച്ചയച്ചു.
മണിക്കൂറുകൾക്കു ശേഷം, കൊമേർഷ്യൽ ഡ്രൈർമാർക്കുള്ള വർക് വിസകൾ നിർത്തുന്നുവെന്നു ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
സിംഗിനെ (28) വ്യാഴാഴ്ച്ച കാലിഫോർണിയയിൽ നിന്നു ഫ്ലോറിഡയിലേക്കു വിമാനം കയറ്റി. ഓഗസ്റ്റ് 12നുണ്ടായ അപകടത്തെ തുടർന്നു ഫ്ലോറിഡ വിട്ടു പോവുകയാണ് സിംഗ് ചെയ്തതെന്നു ഫ്ലോറിഡ ലെഫ്. ഗവർണർ ജെയ് കോളിൻസ് പറഞ്ഞു. സിംഗിനെ തിരിച്ചു ഫ്ലോറിഡയിലേക്കു കൊണ്ടുപോകാൻ കോളിൻസ് എത്തിയിരുന്നു.
വർക് വിസ നിയന്ത്രണം ഉടൻ നടപ്പിൽ വന്നതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. "യുഎസ് റോഡുകളിൽ വലിയ ട്രാക്ടർ-ട്രെയ്‌ലർ ട്രക്കുകൾ ഓടിക്കുന്ന വിദേശ ഡ്രൈവർമാർ അമേരിക്കൻ ജീവിതങ്ങൾ കവർന്നെടുക്കുന്നു, അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ജീവിതമാർഗം ഇല്ലാതാക്കുകയും ചെയ്യുന്നു."
അനധികൃത കുടിയേറ്റക്കാരനായ സിംഗ് അപകടത്തിന്റെ പേരിൽ നാടുകടത്തൽ നേരിടുന്നു. സെമി-ട്രക്ക് ഓടിക്കുമ്പോൾ നിയമവിരുദ്ധമായ യു-ടേൺ എടുത്തപ്പോഴാണ് സിംഗ് മിനിവാൻ ഇടിച്ചു തകർത്തത്. വാനിന്റെ 30 വയസുള്ള ഡ്രൈവറും 37 വയസുള്ള യാത്രക്കാരി, 54 വയസുള്ള യാത്രക്കാരൻ എന്നിവരും കൊല്ലപ്പെട്ടു.
ഫോർട്ട് പിയേഴ്‌സിനു സമീപം ഫ്ലോറിഡ ടേൺപൈക്കിൽ ആയിരുന്നു അപകടം. സിംഗിനോ ട്രക്കിലെ യാത്രക്കാരനോ പരുക്കേറ്റില്ല.