30 വർഷത്തിലേറെയായി യുഎസിൽ സംരംഭക; ഇന്ത്യക്കാരിയെ കസ്റ്റഡിയിലെടുത്ത് അമേരിക്ക, വ്യാപക പ്രതിഷേധം

New Update
G

കലിഫോർണിയ: ലോങ് ബീച്ചിലെ ബെൽമോണ്ട് ഷോറിലെ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്റ്ററന്‍റിന്റെ ഉടമ ബബിൾജിത് ബബ്ലി കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഡിസംബർ ഒന്നിന് ഗ്രീൻ കാർഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനായി എത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. 30 വർഷത്തിലേറെയായി ലോങ് ബീച്ച് കമ്മ്യൂണിറ്റിയിൽ സജീവമായിരുന്ന ബബിൾജിത് ബബ്ലി കൗറിനെ കസ്റ്റഡിയിലെടുത്തത് പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

Advertisment

കഴിഞ്ഞ 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്റ്ററന്‍റ് നടത്തിവരികയായിരുന്നു ബബ്ലി കൗർ. നിയമപരമായ സ്ഥിരതാമസത്തിനായുള്ള അപേക്ഷയുടെ (ഗ്രീൻ കാർഡ്) അവസാന ഘട്ടത്തിലായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്. എന്നാൽ നടപടിക്രമങ്ങൾക്കിടെ അപ്രതീക്ഷിതമായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ പ്രോസസ്സിങ് സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ബബിൾജിത് ബബ്ലി കൗറിന് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും കുടുംബത്തിലെയും കമ്മ്യൂണിറ്റിയിലെയും കരുത്തായ വ്യക്തിയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ലോങ് ബീച്ച് പ്രതിനിധിയും കോൺഗ്രസ് അംഗവുമായ റോബർട്ട് ഗാർഷ്യ, ബബിൾജിത് ബബ്ലി കൗറിനെ ഉടൻ മോചിപ്പിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisment