ഇന്ത്യൻ യുവാവ് ഷോംബർഗിൽ പിതാവിനെ കൂടം കൊണ്ടടിച്ചു കൊന്നതായി കേസ്

New Update
B

ചിത്തഭ്രമം ബാധിച്ച ഇന്ത്യൻ യുവാവ് ഇലിനോയിലെ ഷോംബർഗിൽ 67 വയസുള്ള പിതാവിനെ കൂടം കൊണ്ടടിച്ചു കൊന്നതായി കേസ്. അഭിജിത് പട്ടേലിന്റെ (28) മേൽ കരുതിക്കൂട്ടിയുള്ള കൊല ചുമത്തിയിട്ടുണ്ട്.

Advertisment

നവംബർ 29നു പുലർച്ചെ 5:42നു അച്ഛൻ അനുപം പട്ടേലിനെയും മകനെയും വീട്ടിൽ ഇരുത്തി 'അമ്മ ജോലിക്കു പോയ സമയത്താണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നു കുക്ക് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നു. കടുത്ത പ്രമേഹം കൊണ്ട് ജോലിക്കു പോകാതിരിക്കുന്ന പട്ടേൽ പതിവായി 8 മണിക്ക് ഭാര്യയെ വിളിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം വിളിച്ചില്ല.

എന്നാൽ അദ്ദേഹത്തിൻ്റെ ഗ്ളൂക്കോസ് മോണിറ്റർ ഭാര്യയുടെ ഫോണിൽ കണക്റ്റ് ചെയ്തിരുന്നതു കൊണ്ട് ഷുഗർ ലെവൽ കുത്തനെ താഴുന്നു എന്നവർ കണ്ടെത്തി. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ അവർ പത്തരയോടെ വീട്ടിലേക്കു മടങ്ങി.

11 മണിയോടെ രക്തം വാർന്ന നിലയിൽ അദ്ദേഹത്തെ ബെഡ് റൂമിൽ കണ്ടെത്തുകയായിരുന്നു. "അച്ഛന്റെ കാര്യം ഞാൻ ശരിയാക്കിയിട്ടുണ്ട്" എന്നാണ് മകൻ അഭിജിത് അമ്മയോട് പറഞ്ഞത്.

അവർ പോലീസിനെ വിളിച്ചു. അനുപം പട്ടേൽ മരിച്ചുവെന്നു പോലീസ് അറിയിച്ചു.അദ്ദേഹത്തിനു തലയിൽ രണ്ടു തവണ അടിയേറ്റിരുന്നുവെന്നു ഓട്ടോപ്സിയിൽ കണ്ടെത്തി.

പോലീസ് എത്തിയപ്പോൾ അഭിജിത് പട്ടേൽ കീഴടങ്ങി.പിതാവിനെ കൊല്ലേണ്ടത് മതപരമായ കടമ ആണെന്നു യുവാവ് പറഞ്ഞു. കുട്ടി ആയിരിക്കെ പിതാവ് തന്നോട് ലൈംഗിക അക്രമം കാട്ടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മാനസിക ചികിത്സയുടെ ചരിത്രമുള്ള അഭിജിത് പറയുന്നത് വെറും ഭാവനയാണെന്നു പ്രോസിക്യൂഷൻ പറയുന്നു.

പിതാവിനെ കൊല്ലുമെന്നു മുൻപും ഭീഷണി മുഴക്കിയിട്ടുള്ള അഭിജിത്തിനു അദ്ദേഹത്തെ കാണാൻ പാടില്ലെന്ന നിരോധനം ഉണ്ടായിരുന്നു. ആ ഉത്തരവിനു 2027 ജനുവരി വരെ പ്രാബല്യമുണ്ടെങ്കിലും വീട്ടിൽ താമസിക്കാൻ മാതാപിതാക്കൾ അനുമതി നൽകിയിരുന്നു.

ജാമ്യം ഇല്ലാതെ കസ്റ്റഡിയിൽ കഴിയുന്ന അഭിജിത്തിനു അമ്മയെ കാണാനും അനുമതിയില്ല. 19നു കോടതിയിൽ ഹാജരാവണം.

Advertisment