/sathyam/media/media_files/2025/08/21/bbvv-2025-08-21-02-51-58.jpg)
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വീണ്ടും രംഗത്ത്. കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റിന്റെ ആരോപണം.
ഇത് വെറും ലാഭക്കൊതിയാണ്. കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ഉൽപ്പന്നങ്ങളായി മറിച്ചുവിറ്റ് ഇന്ത്യ നടത്തുന്ന ഈ കച്ചവടം യുദ്ധകാലത്ത്പൊടുന്നനെ ഉണ്ടായതാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ചിലർക്ക് റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, താങ്ങാനാവുന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യമാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയുടെ ഇറക്കുമതി വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ളതാണെന്നും 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.