/sathyam/media/media_files/2025/08/21/hbv-2025-08-21-02-59-28.jpg)
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു മുഖ്യാതിഥി. രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ അദ്ദേഹത്തെ ഹാളിലേക്ക് എതിരേറ്റു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷം വഹിച്ച പരിപാടിയിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.
ജീമോൻ ജോർജ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യെക്കുറിച്ചു ഹ്രസ്വ വിവരണം നൽകി.തുടർന്ന് ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത രാജ്‌മോഹൻ ഉണ്ണിത്താൻ, ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികളും രാജ്യത്തിന്റെ ബഹുസ്വരത അട്ടിമറിച്ച് ഏകാധിപത്യ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കങ്ങളും ഉദാഹരണ സഹിതം തുറന്നു കാട്ടി. സ്വാതന്ത്ര്യ സമരതിന്റെ ഹ്രസ്വചരിത്രം വിവരിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ശേഷം രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപം, അഭയാര്‍ത്ഥി പ്രവാഹം, ദാരിദ്ര്യം, എന്നിവക്കുശേഷം ഒന്നുമില്ലായ്മയുടെ അവസ്ഥയിൽ നിന്നാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിക്കൊണ്ട് വന്നത് എന്ന് ചൂണ്ടിക്കാട്ടി. ഈ രാജ്യം ഇന്ന് എവിടെ നില്‍ക്കുന്നോ അവിടേക്ക് ഇന്ത്യയെ കൊണ്ടുചെന്ന് എത്തിച്ചത് കോണ്‍ഗ്രസാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ച ആളുകളുടെ കൈയ്യിലാണ് ഇന്ന് ഇന്ത്യയുടെ ഭരണാധികാരം. അവര്‍ ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്ത പോലെയും ഇറ്റലിയില്‍ മുസോളിനി ചെയ്തപോലെയും റഷ്യയില്‍ സ്റ്റാലിന്‍ ചെയ്തപോലെയും അവര്‍ക്കുവേണ്ടി ഒരു ചരിത്രം ഇന്ത്യയില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം സമര ചരിത്രം തിരുത്തിയെഴുതുന്നു. അത് കൊണ്ടുതന്നെ ജനാധിപത്യം അപകടത്തിലാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം, പൈതൃകം, സംസ്‌കാരം, ഇത് തകര്‍ക്കാന്‍ അധികാരം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നു. ബി.ജെ.പി.കാരെല്ലാത്ത ഒരാളിനു പോലും നീതി ലഭിക്കാത്ത രീതിയില്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് ഗവണ്‍മെന്റുകളെ സ്ൃഷ്ടിക്കുന്നു എന്നും അദ്ദേഹം അക്കമിട്ടു പറയുകയുണ്ടായി. ഈ സ്വാതന്ത്ര്യദിനത്തില്‍ ഈ വക കാര്യങ്ങളെപ്പറ്റി ബോധവാന്‍മാരാകണം എന്നും അദ്ദേഹം ജനാവലിയെ ഉൽബോധിപ്പിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രെതിനിധികളായി പെൺസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷെരിഫ് സ്ട്രീറ്റ്, പെൺസിൽവാനിയ സ്റ്റേറ്റ് റെപ് ഷോൺ ഡോഹട്രി എന്നിവർ പരിപാടിയിൽ പങ്കെടുത്തു ഇന്ത്യൻ സമൂഹത്തിനു അഭിവാദ്യം അർപ്പിക്കുകയുണ്ടായി. അലക്സ് തോമസ് ഇരുവരെയും സമൂഹത്തിനു പരിചയപ്പെടുത്തി.
പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിച്ച ഗാനസന്ധ്യ ഹൃദ്യമായിരുന്നു.പ്രശസ്ത കോമേഡിയനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിൻറ്റെ നേതൃത്വത്തിൽ കോമഡി ഷോ പരിപാടിക്ക് മറ്റു കൂട്ടി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനുവേണ്ടി അഭിലാഷ് ജോൺ, പമ്പ അസോസിയേഷനുവേണ്ടി ജോൺ പണിക്കർ, മാപ്പ് അസോസിയേഷനുവേണ്ടി ശ്രീജിത്ത് കോമാത്ത്, കോട്ടയം അസോസിയേഷനുവേണ്ടി സണ്ണി കിഴക്കേമുറി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്കുവേണ്ടി തോമസ് പോൾ, ഫ്രണ്ട്‌സ് ഓഫ് റാന്നിക്കുവേണ്ടി ജോർജ് മാത്യു, കോശി തലക്കൽ, പ്രൊഫ സാം പനംകുന്നേൽ, ജോൺസൻ ചീക്കപ്പാറ എന്നിവർ ആശംസ അറിയിച്ചു.
ജീമോൻ ജോർജ്, തോമസ് ചാണ്ടി, സ്റ്റാൻലി ജോൺ, ജെയ്സൺ കാരവള്ളി, മാത്യു ജോസഫ്, ശ്രീജിത്ത് മാത്യു എന്നിവർ വാദ്യ ഘോഷങ്ങൾക്കു നേതൃത്വം നൽകി. സുനിത അനീഷ്, ഫെയ്ത് എൽദോ എന്നിവർ കൾച്ചറൽ പ്രോഗ്രാം മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.
കൈറ്റ്ലിൻ അവതരിപ്പിച്ച നൃത്ത പരിപാടിയോടെയാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചത്. മിയ ബോബ്, ഇങ്കിത മാത്തൻ, സാബു പാമ്പാടി, ജെസ്‌ലിൻ മാത്യു എന്നിവരുടെ ഗാനാലാപനവും നടക്കുകയുണ്ടായി. ഫ്ലവർസ് ചാനലിന് വേണ്ടി റോജിഷ് സാമുവേൽ ഛായാ ഗ്രഹണം നിർവഹിച്ചു. സോബി ഇട്ടി ആയിരുന്നു ഫോട്ടോഗ്രാഫി. ഷാജി സുകുമാരൻ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചു. ഐ ഓ സി പ്രവർത്തകരായ കുര്യൻ രാജൻ, ഷാജി സാമുവേൽ, സാജൻ വറുഗീസ്, ജെയിംസ് പീറ്റർ, ജോൺ ചാക്കോ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ജോൺസൻ മാത്യു, ഗീവറുഗീസ് ജോൺ, സ്റ്റാൻലി ജോർജ് എന്നിവർ കാര്യപരിപാടികൾ ക്രെമീകരിച്ചു.