യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ 'ദൈവത്തിന്റെ ശത്രുക്കൾ' ആണെന്നും അതു കൊണ്ട് അവരെ ‘ശിക്ഷിക്കേണ്ടത്’ ഓരോ ഇസ്ലാമിക വിശ്വാസിയുടെയും കടമയാണെന്നും ഇറാന്റെ സീനിയർ ആയത്തൊള്ള മക്കാരം ഷിറാസി പുറപ്പെടുവിച്ച ഫത്വയിൽ (മതപരമായ ഉത്തരവ്) പറയുന്നു.
ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമേയാനിയെ ഭീഷണിപ്പെടുത്തുന്ന ആരും ദൈവത്തിന്റെ ശത്രുവാണെന്നു ഷിറാസിയുടെ ഓഫിസ് ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു. "ലോകമൊട്ടാകെയുള്ള മുസ്ലിങ്ങൾ അത്തരം ഭീഷണികൾക്ക് എതിരെ ശക്തമായ നിലപാട് എടുക്കണം. അതിന്റെ പേരിൽ കഷ്ടത സഹിക്കേണ്ടി വന്നാൽ അതിനു ദൈവം പ്രതിഫലം തരും."
ശത്രുവുമായി സഹകരിക്കുന്നതിൽ നിന്നു മുസ്ലിംകളെയും ഇസ്ലാമിക രാഷ്ട്രങ്ങളെയും ഷിയാ പുരോഹിതൻ വിലക്കുന്നു. "ഈ ശത്രുക്കൾ അവരുടെ വാക്കുകളും തെറ്റുകളും ഓർത്തു പശ്ചാത്തപിക്കുന്നു എന്നുറപ്പാക്കേണ്ട ചുമതല ലോകമൊട്ടാകെയുള്ള എല്ലാ മുസ്ലിങ്ങൾക്കുമുണ്ട്."
ഖമേയാനിക്കെതിരെ ട്രംപും നെതന്യാഹുവും ഉയർത്തിയ ഭീഷണികളാണ് ഈ ഉത്തരവിനു പ്രകോപനമായതെന്നാണ് സൂചന. ഖമേനായിയെ 'വളരെ വൃത്തികെട്ടതും ലജ്ജാകരവുമായ' മരണത്തിൽ നിന്നു താൻ രക്ഷിച്ചെന്നു ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ യുദ്ധത്തിൽ ഇറാൻ ജയിച്ചെന്ന ഖമേനായിയുടെ അവകാശവാദം വ്യാജമാണെന്നും ട്രംപ് പറഞ്ഞു.
ഖമേനായിയെ യുദ്ധത്തിനിടെ വധിക്കാൻ ഇസ്രയേൽ ഉദ്ദേശിച്ചിരുന്നു എന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്സ് പറഞ്ഞത്. എന്നാൽ അതിനുള്ള അവസരം ഒത്തുകിട്ടിയില്ല.
ട്രംപ് വാക്കുകൾ സൂക്ഷിക്കണം
മുതിർന്ന ഇറാനിയൻ നേതാക്കൾക്ക് എതിരെ ട്രംപ് ചൊരിയുന്ന അധിക്ഷേപങ്ങളെ അതിനിടെ ഇറാൻ വിദേശകാര്യ വകുപ്പ് അപലപിച്ചു. അവ ധിക്കാരപരവും നയതന്ത്ര മര്യാദകൾക്കു നിരക്കാത്തതുമാണ്.
പൗരാണികമായ നാഗരികതയുള്ള രാജ്യമാണ് ഇറാനെന്നു അവർ ട്രംപിനെ ഓർമിപ്പിച്ചു. അന്തസോടെ ജീവിക്കുന്ന ജനതയാണ്. മേഖലയിലും ലോകമൊട്ടാകെയും മില്യൺ കണക്കിനു മുസ്ലിങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയ അഭിപ്രായങ്ങളാണ് ട്രംപ് പറഞ്ഞത്.
ഖമേയെനിക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളിലും ഇറാൻ രോഷം പ്രകടിപ്പിച്ചു.