ഗാസയിലേക്ക് പോയ ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ 170 ആക്ടിവിസ്റ്റുകളെ ഇസ്രയേൽ നാടുകടത്തി; ക്രൂരമായ പീഡനമെന്ന് ആരോപണം

New Update
Bbb

ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ 'ഗ്ലോബൽ സുമുദ് ഫ്ളോട്ടില'യിൽ നിന്ന് തടവിലാക്കിയ പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ 170 ആക്‌ടിവിസ്റ്റുകളെ ഇസ്രയേൽ നാടുകടത്തി. ഗ്രീസിലേക്കും സ്ലോവാക്യയിലേക്കുമാണ് ഇവരെ വിമാനമാർഗം അയച്ചത്. ഇത് രണ്ടാം തവണയാണ് ഗാസയിലേക്കുള്ള യാത്രയ്ക്കിടെ ഗ്രേറ്റയെ ഇസ്രയേൽ തടവിലാക്കി നാടുകടത്തുന്നത്.

Advertisment

തടവറയിൽ ക്രൂരമായ അനുഭവങ്ങളാണുണ്ടായതെന്ന് സ്വിറ്റ്സർലൻഡിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള ആക്ടിവിസ്റ്റുകൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഇസ്രയേൽ ചിലരെ ഉറങ്ങാൻ അനുവദിച്ചില്ല, മർദ്ദിച്ചു, കൂട്ടിലടച്ചു എന്നും അവർ ആരോപിക്കുന്നു. സ്പാനിഷ് അഭിഭാഷകനായ റഫേൽ ബൊറെഗോയുടെ വാക്കുകൾ: "അവർ ഞങ്ങളെ അടിച്ചു. ഗ്രൗണ്ടിലൂടെ വലിച്ചുകൊണ്ടുപോയി. കണ്ണ് മൂടിക്കെട്ടി, കൈകളും കാലുകളും കെട്ടിയിട്ടു, കൂട്ടിലടച്ച് അപമാനിച്ചു."

ഗ്രേറ്റ തുൻബർഗിനെ ഇസ്രയേലി സൈനികർ മുടിയിൽ പിടിച്ചുവലിച്ചെന്നും ഇസ്രയേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൈന്യം ഗ്രേറ്റയെ മർദ്ദിക്കുകയും ഇസ്രയേൽ പതാക പുതപ്പിക്കുകയും ചെയ്‌തതായും അവർ ആരോപിച്ചു. തടവിലാക്കപ്പെട്ടവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും മാനിക്കപ്പെട്ടെന്ന് ഇസ്രയേൽ വിദേശ മന്ത്രാലയം പറഞ്ഞു. നേരത്തെ വിട്ടയച്ച ആക്ടിവിസ്റ്റുകൾ ഉന്നയിച്ച ക്രൂരമായ പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങൾ കളവാണെന്നും മന്ത്രാലയം ആരോപിച്ചു. നെഗേവ് മരുഭൂമിയിലെ റമോൺ എയർബേസിൽ നിന്നാണ് ഗ്രേറ്റ വിമാനം കയറിയതെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞ ഇസ്രയേലിന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. 40 ഫ്ളോട്ടിലകളിലായി 450-ൽ അധികം ആക്ടിവിസ്റ്റുകളെയാണ് ഇസ്രയേലി സൈന്യം ഇത്തരത്തിൽ തടഞ്ഞത്.

Advertisment