ഗാസയിലേക്കു മാനുഷിക സഹായവുമായി പോയ ബ്രിട്ടീഷ് കൊടി പറത്തുന്ന മഡ്‌ലീൻ എന്ന കപ്പൽ ഇസ്രയേലി നാവിക സേന പിടിച്ചെടുത്തു. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൺബെർഗും യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസനും കപ്പലിൽ ഉണ്ടായിരുന്നു.
എവിടേക്കാണ് ഫ്രീഡം ഫ്ലോട്ടില കൊയാലിഷൻ (എഫ് എഫ് സി) വക കപ്പൽ കൊണ്ടുപോയതെന്നു വ്യക്തമായിട്ടില്ല. പട്ടിണി നടമാടുന്ന ഗാസയിലേക്കുള്ള ഭക്ഷണവും ബേബി ഫുഡും മറ്റും ആയിരുന്നു ഇറ്റലിയിലെ സിസിലിയിൽ നിന്ന് കപ്പലിൽ കയറ്റി അയച്ചത്.
പുലർച്ചെ രണ്ടു മണിക്കാണ് ഇസ്രയേലി നാവിക കമാൻഡോകൾ കപ്പലിൽ കയറിയതെന്നു ഹസൻ എക്‌സിൽ കുറിച്ചു. അപ്പോൾ കപ്പൽ അന്താരാഷ്ട്ര അതിർത്തിയിൽ ആയിരുന്നു.
കപ്പലുമായി ബന്ധം അറ്റുപോയെന്നു എഫ് എഫ് സി അറിയിച്ചു. കപ്പലിലെ യാത്രക്കാരെ ഇസ്രയേൽ തട്ടിക്കൊണ്ടു പോയെന്നു അവർ ആരോപിച്ചു.
കപ്പലിൽ ഉണ്ടായിരുന്നവർ 'മീഡിയ സ്റ്റണ്ട്' നടത്തുകയായിരുന്നുവെന്നു ഇസ്രയേൽ ആക്ഷേപിച്ചു. പക്ഷെ കപ്പൽ പിടിച്ചെടുത്തതിനു ന്യായമൊന്നും അവർ പറഞ്ഞില്ല.