വാഷിംഗ്ടൺ: ടാറ്റ കൺസൾട്ടൻസി സർവീസ് (ടി സി എസ്) ഏതാനും അമേരിക്കൻ ജീവനക്കാരെ മതിയായ നോട്ടീസ് നൽകാതെ പിരിച്ചു വിട്ടെന്നും പകരം കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാരെ എച്-1ബി വിസയിൽ നിയമിച്ചെന്നും പരാതി. സാങ്കേതിക മികവ് ആവശ്യമുള്ള ജോലികളിൽ എച്-1ബി വിസ ഉപയോഗിച്ചു വിദേശത്തു നിന്നു ജോലിക്കാരെ കൊണ്ടുവരാനുള്ള സൗകര്യം കമ്പനി ദുരുപയോഗപ്പെടുത്തി എന്ന പരാതി 'വോൾ സ്ട്രീറ്റ് ജേണൽ' പത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റി കമ്മീഷനിൽ (EEOC) 22 അമേരിക്കൻ ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നത് അവർക്കു പെട്ടെന്നു നോട്ടീസ് നൽകി പിരിച്ചുവിട്ടെന്നാണ്. വംശവും പ്രായവും കണക്കിലെടുത്തു വിവേചനം കാട്ടുകയാണ് ഇന്ത്യൻ സാങ്കേതിക കമ്പനി ചെയ്തതെന്ന് അവർ ആരോപിക്കുന്നു. പകരം നിയമിച്ചത് ഇന്ത്യക്കാരെയാണ്.
വ്യത്യസ്ത പശ്ചാത്തലങ്ങളുളള ജീവനക്കാർ 40 മുതൽ 60 വരെ പ്രായമുള്ളവരാണ്. യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന അവർ ഉയർന്ന ബിരുദങ്ങൾ നേടിയവരാണ്. എം ബി എക്കാർ വരെയുണ്ട് അക്കൂട്ടത്തിൽ.
ആരോപണങ്ങൾ ടി സി എസ് നിഷേധിക്കുന്നു. കമ്പനി ഒരിക്കലൂം വിവേചനം നടത്തിയിട്ടില്ല എന്നതാണ് അവരുടെ വിശദീകരണം.
എച്-1 ബി വിസ സംവിധാനം ചൂഷണം ചെയ്യപ്പെടുന്നു എന്ന ആരോപണം പുതിയതല്ല. വിദേശത്തു നിന്നു കുറഞ്ഞ വേതനത്തിൽ ആളുകളെ കൊണ്ടുവരാനുള്ള സൗകര്യം കമ്പനികൾ മുതലാക്കുന്നതു തെളിയിക്കപ്പെട്ടിട്ടുണ്ട്.