/sathyam/media/media_files/2025/01/09/UXyeDH1upP2hH7IzdJ1K.jpg)
ന്യൂയോർക്കിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള ജെറ്റ്ബ്ലൂ വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ കംപാർട്മെന്‍റിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ജെറ്റ്ബ്ലൂ ഫ്ലൈറ്റ് 1801വിമാനം തിങ്കളാഴ്ച രാത്രി 7.49ന് ന്യൂയോർക്കിലെ കെന്നഡി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 11.10ന് ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. പതിവ് പരിശോധനയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ബ്രോവാർഡ് കൗണ്ടി ഷെരീഫിന്‍റെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ കാരി കോഡ് പറഞ്ഞു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണം കണ്ടെത്താൻ ബ്രോവാർഡ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് പോസ്റ്റ്‌മോർട്ടം നടത്തും.
വിമാനത്തിന്‍റെ ചിറകിനടിയിലും മുൻവശത്തും സ്ഥിതി ചെയ്യുന്ന ലാൻഡിങ് ഗിയർ കംപാർട്മെന്‍റുകൾ, തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യാൻ ശ്രമിക്കുന്ന ആളുകൾ വളരെക്കാലമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ലാൻഡിങ് ഗിയർ കമ്പാര്‍ട്ട്മെന്‍റിൽ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണ്. താപനിലയിലെ വ്യത്യാസം, ഓക്സിജന്‍റെ അഭാവം, ലാൻഡിങ് ഗിയർ പിൻവലിക്കുമ്പോൾ ചതഞ്ഞരയൽ തുടങ്ങിയ അപകടങ്ങൾ ഈ ഭാഗത്ത് ഒളിച്ചിരിക്കുന്നവർ നേരിടുന്നു.
മരിച്ചവരുടെ ഐഡന്‍റിറ്റിയും അവർ എങ്ങനെ വിമാനത്തിലേക്ക് പ്രവേശിച്ചു എന്നതും അന്വേഷണത്തിലാണ്. “ഇത് ഹൃദയഭേദകമായ ഒരു സാഹചര്യമാണ്, ഇത് എങ്ങനെ സംഭവിച്ചുവെന്ന് മനസിലാക്കാനുള്ള അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” ജെറ്റ്ബ്ലൂ വക്താവ് പറഞ്ഞു.