/sathyam/media/media_files/2026/01/01/f-2026-01-01-04-31-27.jpg)
ന്യൂയോർക്ക്: കെന്നഡി കുടുംബത്തെ കണ്ണീരിലാഴ്ത്തി 35–ാം വയസ്സിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ പേരക്കുട്ടി അന്തരിച്ചു. പ്രശസ്ത കാലാവസ്ഥാ പത്രപ്രവർത്തക ടാറ്റിയാന ഷ്‌ലോസ്‌ബെർഗ് ആണ് വിടവാങ്ങിയത്. കാൻസർ രോഗബാധിതയായിരുന്നു. ടാറ്റിയാനയുടെ മരണവിവരം കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് അറിയിച്ചത്.
ഡിസൈനറായ എഡ്വിൻ ഷ്‌ലോസ്‌ബെർഗിന്റെയും നയതന്ത്രജ്ഞയായ കരോലിൻ കെന്നഡിയുടെയും മകളാണ്. കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ടാറ്റിയാനയ്ക്ക് ‘അക്യൂട്ട് മൈലോയിഡ് ലുക്കീമിയ’ (രക്തത്തെ ബാധിക്കുന്ന കാൻസർ) സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയിരുന്ന ടാറ്റിയാന പ്രമുഖ മാധ്യമങ്ങളുമായി സഹകരിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു. ജോൺ എഫ്. കെന്നഡി ജൂനിയർ (അമ്മാവൻ), ജോൺ എഫ്. കെന്നഡി (മുത്തച്ഛൻ) എന്നിവരുടെ അപ്രതീക്ഷിത വിയോഗങ്ങൾ വേട്ടയാടിയ കെന്നഡി കുടുംബത്തിന് ടാറ്റിയാനയുടെ മരണം മറ്റൊരു വലിയ ആഘാതമായി. ന്യൂയോർക്കിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്ന ജാക്ക് ഷ്‌ലോസ്‌ബെർഗ് സഹോദരനാണ്.
രോഗാവസ്ഥയെക്കുറിച്ച് മാസികയിൽ എഴുതിയ ലേഖനത്തിൽ മക്കൾ തന്നെ ഓർക്കുമോ എന്ന ഭയവും കുടുംബത്തിന് താൻ നൽകുന്ന വേദനയെക്കുറിച്ചുള്ള സങ്കടവും ടാറ്റിയാന പങ്കുവെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us