നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ വിധി പ്രഖ്യാപിക്കുന്നത് ന്യൂ യോർക്ക് ജഡ്‌ജ് യുവാൻ മെർഷൻ നീട്ടിവച്ചു. 34 കുറ്റങ്ങളും തെളിഞ്ഞ കേസിൽ വെള്ളിയാഴ്ചയാണ് തീർപ്പ് പ്രതീക്ഷിച്ചിരുന്നത്.
കുറ്റം തെളിഞ്ഞ ഒരാൾ പ്രസിഡന്റായി അധികാരമേൽക്കുന്നത് അസാധാരണ സാഹചര്യമാണ്. മെർഷൻ നൽകുന്ന സൂചന 2029ൽ ട്രംപ് അധികാരമൊഴിഞ്ഞ ശേഷം കേസ് വീണ്ടും പരിഗണിക്കാം എന്നാണ്.
അടുത്തയാഴ്ച്ച കൂടുതൽ നടപടിക്രമങ്ങൾ ഉണ്ടായേക്കും. കേസ് തള്ളിക്കളയണം എന്നാവശ്യപ്പെടുന്ന അപേക്ഷകൾ സമർപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകർക്കു മെർഷൻ ഡിസംബർ 2 വരെ സമയം നൽകി. പ്രോസിക്യൂഷന് അതിന്റെ പ്രതികരണം ഒരാഴ്ചയ്ക്കകം നൽകാം.
2016 തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസുമായുള്ള ബന്ധം മറച്ചു വയ്ക്കാൻ അവർക്കു പണം നൽകിയെന്നും അതു മൂടിവയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തി എന്നുമാണ് കേസ്. എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് മേയിൽ മെർഷൻ പറഞ്ഞിരുന്നു.
ട്രംപ് എഴുതിയ ഓരോ ചെക്കുമായി ബന്ധപ്പെടുത്തി ഓരോ കുറ്റം ചുമത്തുകയാണ് പ്രോസിക്യൂഷൻ ചെയ്തത് -- മൊത്തം 34.കേസിൽ ട്രംപിന്റെ പ്രധാന അഭിഭാഷകനായ ടോഡ് ബ്ലാഞ്ചിനെ അദ്ദേഹം ഡെപ്യൂട്ടി അറ്റോണി ജനറലായി നിയമിച്ചു.
മറ്റൊരു അഭിഭാഷകൻ എമിൽ ബോവ് പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോണി ജനറലും. 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു, രഹസ്യ രേഖകൾ കടത്തി എന്നീ കേസുകളും ചുരുട്ടിക്കെട്ടുന്ന സൂചനയാണ് ലഭ്യമായിട്ടുള്ളത്.