ബോസ്റ്റൺ : ബോസ്റ്റൺ പോലീസ് ഉദ്യോഗസ്ഥനായ ജോൺ ഒ'കീഫിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് മിസ് റീഡിനെ ജൂറി കുറ്റവിമുക്തയാക്കി.വ്യാപക ശ്രദ്ധ ആകർഷിച്ച വിചാരണയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് റീഡ് ശിക്ഷിക്കപ്പെട്ടത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം.
2022 ജനുവരിയിൽ മിസ് റീഡിന്റെ കാമുകനും ബോസ്റ്റൺ പോലീസ് ഉദ്യോഗസ്ഥനുമായ ജോൺ ഒ'കീഫിന്റെ മരണശേഷം ബോസ്റ്റൺ പ്രദേശത്തെ പിടിച്ചുലച്ച നിയമപോരാട്ടങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട്, മസാച്യുസെറ്റ്സിലെ ജൂറി കാരെൻ റീഡിനെ ബുധനാഴ്ച്ച കൊലപാതക, നരഹത്യ കുറ്റങ്ങളിൽ നിന്ന് വിമുക്തയാക്കി.
45 കാരിയായ മിസ് റീഡ്, ഒരു തർക്കത്തിനുശേഷം ഓഫീസർ ഒ'കീഫിനെ തന്റെ എസ്‌യുവി ഉപയോഗിച്ച് മനഃപൂർവ്വം ഇടിപ്പിച്ച ശേഷം ഒരു ഹിമപാതത്തിൽ മരിക്കാൻ വിട്ടുകൊടുത്തതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു .
എന്നാൽ വാഹനം ഇടിപ്പിച്ചെന്ന വാദം പ്രതിഭാഗം അഭിഭാഷകൻ അലൻ ജാക്സൺ തള്ളി . "ജോണിനെ കാർ ഇടിച്ചതിന് തെളിവുകളൊന്നുമില്ല. ഈ കേസ് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം, കാരണം ജോണിനെ വാഹനം ഇടിച്ചിട്ടില്ല ", ജാക്സൺ സമാപന വാദത്തിനിടെ പറഞ്ഞു.
ഡെധാമിലെ ഒരു കോടതിമുറിയിൽ വിധി വായിച്ച് കേട്ടതിനുശേഷം, കോടതിമുറിക്ക് പുറത്ത് അവരുടെ നൂറുകണക്കിന് പിന്തുണക്കാരുടെ ആഹ്ലാദപ്രകടനങ്ങൾക്കിടെ മിസ് റീഡ് കണ്ണീരോടെ തന്റെ അഭിഭാഷകരെ ആലിംഗനം ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന താരതമ്യേന ചെറിയ കുറ്റത്തിന് മിസ് റീഡിനെ ജൂറി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു .