അഭയം തേടി വരുന്നവരെ സ്വീകരിക്കുന്നതിന്റെ പേരിൽ ന്യൂ യോർക്ക് സിറ്റിക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് നീങ്ങുന്നു. മേയർ എറിക് ആഡംസും പല ഉദ്യോഗസ്ഥരും ഇതിന്റെ പേരിൽ നിയമനടപടി നേരിടും.
ന്യൂ യോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ടിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. നഗരം ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ നടപ്പാക്കുന്നതിനു തടസം നിൽക്കുന്നുവെന്നാണ് ആരോപണം.
അറ്റോണി ജനറൽ പാം ബോണ്ടി വ്യാഴാഴ്ച്ച പ്രസ്താവനയിൽ പറഞ്ഞു: "ന്യൂ യോർക്ക് സിറ്റി തെരുവുകളിൽ അഴിച്ചു വിട്ട ആയിരക്കണക്കിനു ക്രിമിനലുകൾ നിയമം അനുസരിച്ചു ജീവിക്കുന്നവർക്കെതിരെ ആക്രമണം നടത്തുകയാണ്."
കഴിഞ്ഞയാഴ്ച്ച ഒരു ഓഫിസറുടെ നേരെ ഉണ്ടായ ആക്രമണത്തിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയമും അതിർത്തി മേധാവി ടോം ഹോമാനും ക്ഷുഭിതരാണത്രേ. അനധികൃത കുടിയേറ്റക്കാരെ വേട്ടയാടാൻ നഗരത്തിൽ ഇമിഗ്രെഷൻ ഏജന്റുമാരെ കൂട്ടത്തോടെ അയക്കുമെന്നു ഹോമാൻ പറയുന്നു.
അഭയ നയങ്ങൾ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ലോസ് ഏഞ്ജലസ്, ന്യൂ യോർക്ക് സ്റ്റേറ്റ്, കൊളറാഡോ, ഇല്ലിനോയ്, റോചെസ്റ്റർ സിറ്റി എന്നിവയ്ക്കും ന്യൂ ജേഴ്സിയിലെ പല നഗരങ്ങൾക്കും എതിരെ ഭരണകൂടം കേസ് കൊടുത്തിട്ടുണ്ട്. ന്യൂ യോർക്ക് നഗരത്തിനെതിരെ കൊണ്ടുവന്ന കേസിൽ മേയർ ആഡംസിനു പുറമെ സിറ്റി കൗൺസിൽ സ്‌പീക്കർ അഡ്രിയാൻ ആഡംസ്, പോലീസ് കമ്മിഷണർ ജെസീക്ക ട്രിഷ് എന്നിവരെയും പ്രതികളാക്കി.