ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയെന്നു തീർച്ചപ്പെട്ട വൈസ് പ്രസിഡന്റ്റ് കമലാ ഹാരിസ് പുതിയ സർവേകളിൽ ഡൊണാൾഡ് ട്രംപിന്റെ ലീഡ് തുടച്ചു നീക്കിയെന്നു മാത്രമല്ല, മുന്നിൽ എത്തുകയും ചെയ്തതോടെ 2024 മത്സരം അതിശക്തമായി. ദേശീയ തലത്തിൽ മാത്രമല്ല, യുദ്ധഭൂമി സംസ്ഥാനങ്ങളിലും ഹാരിസ് ലീഡ് നേടിത്തുടങ്ങി.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയിൽ ഹാരിസിനുള്ളത് ഒരു പോയിന്റ് ലീഡാണ്. ഞായറാഴ്ച പൂർത്തിയായ ത്രിദിന പോളിംഗിൽ റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ഹാരിസ് 43%, ട്രംപ് 42% എന്നാണ് നില. പിഴവ് സാധ്യത 3.5%.
നാലു യുദ്ധഭൂമി സംസ്ഥാനങ്ങളിൽ ഹാരിസും രണ്ടിടത്തു ട്രംപും ലീഡ് നേടിയെന്നു ബ്ലൂംബെർഗ് ന്യൂസ്/മോർണിംഗ് കൺസൾട് പോൾ പറയുന്നു. മിഷിഗണിൽ ഹാരിസിനു 11% ലീഡുണ്ട്. അരിസോണയിലും വിസ്കോൺസിനിലും നെവാഡയിലും രണ്ടു ശതമാനവും. പെൻസിൽവേനിയയിൽ ട്രംപിനു 4% ലീഡുണ്ട്. നോർത്ത് കരളിനയിൽ രണ്ടു ശതമാനം.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിംഗ് അനുസരിച്ചു ഹാരിസിനോടുള്ള മതിപ്പു (favorability) വർധിച്ചിട്ടുണ്ട്. 46% പേർക്ക് ഇപ്പോൾ മതിപ്പുണ്ട്. ഒരു മാസം മുൻപ് അത് 40% ആയിരുന്നു. മതിപ്പില്ലാത്തവർ കഴിഞ്ഞ മാസം 57% ആയിരുന്നത് ഇപ്പോൾ 51% ആയി കുറഞ്ഞു.ട്രംപിന്റെ മതിപ്പിൽ വലിയ വ്യത്യാസമില്ല. ഏറ്റവും പുതിയ സർവേയിൽ റജിസ്റ്റർ ചെയ്ത 41% പേർ അദ്ദേഹത്തിൽ മതിപ്പു രേഖപ്പടുത്തിയപ്പോൾ 56% മതിപ്പില്ലെന്നു പറഞ്ഞു.
സമ്പദ് വ്യവസ്ഥ, കുടിയേറ്റം, ക്രൈം എന്നീ വിഷയങ്ങളിൽ ട്രംപിനാണ് മുൻതുക്കം. ജൂലൈ 26--28നു 876 റജിസ്റ്റർ ചെയ്ത വോട്ടർമാർ ഉൾപ്പെടെ 1,025 പേരെയാണ് സർവേയിൽ പങ്കെടുപ്പിച്ച ഇരു സ്ഥാനാർഥികളും തമ്മിലുള്ള വാക്‌പോര് അതിനിടെ രൂക്ഷമായി തുടരുകയാണ്. അറ്റ്ലാന്റയിൽ ട്രംപ് നടത്തിയിട്ടുള്ള റാലികളെക്കാൾ വലിയ റാലിയിൽ ട്രംപിനെ ഹാരിസ് പതുങ്ങി നടന്നു കൊല്ലുന്നവൻ (predator) എന്ന് വിളിച്ചു.ഇരുവരും മില്യൺ കണക്കിനു ഡോളറിന്റെ പരസ്യങ്ങളും ഇറക്കി തുടങ്ങി.