ലൈംഗിക കുറ്റവാളി ജെഫ്‌റി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ വിവാദമായി ആളിപ്പിടിക്കുന്നതിനിടയിൽ, എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ രാജി സാധ്യത തള്ളി. അത്തരം വാർത്തകളിൽ സത്യമില്ലെന്നു അദ്ദേഹം ശനിയാഴ്ച്ച എക്‌സിൽ കുറിച്ചു.
"ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സത്യമല്ല. അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല," അദ്ദേഹം കുറിച്ചു. "പ്രസിഡന്റ് ട്രംപിനു കീഴിൽ ജോലി ചെയ്യുന്നത് അഭിമാനമാണ്, അദ്ദേഹം ആവശ്യപ്പെടുന്ന കാലത്തോളം ഞാൻ അത് തുടരും."
എപ്‌സ്റ്റീൻ ഫയലുകൾ അറ്റോണി ജനറൽ പാം ബോണ്ടി കൈകാര്യം ചെയ്ത രീതിയിൽ പട്ടേലിന് അസംതൃപ്തി ഉണ്ടായെന്നു റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്റ്റർ ഡാൻ ബൊനിഞ്ഞോ ഈ വിഷയത്തിൽ ബോണ്ടിയുമായി ഏറ്റുമുട്ടിയെന്നും അതേ തുടർന്ന് രാജിക്കൊരുങ്ങി എന്നുമാണ് റിപ്പോർട്ട്. ബൊനിഞ്ഞോ രാജി വച്ചാൽ താനും ഒഴിയുമെന്നു പട്ടേൽ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിച്ചു.
എപ്‌സ്റ്റീന്റെ പേര് പറഞ്ഞു സമയം പാഴാക്കേണ്ട
പട്ടേൽ ആ റിപ്പോർട്ടുകൾ തള്ളിയതിനു പിന്നാലെ ട്രംപ് ബോണ്ടിയെ പരസ്യമായി പിന്തുണച്ചു. അവരുടെ പ്രവർത്തനത്തെ പ്രശംസിച്ച ട്രംപ് അമേരിക്കൻ ജനതയോടായി ആഹ്വാനം ചെയ്തത് എപ്‌സ്റ്റീന്റെ പേര് പറഞ്ഞു സമയം പാഴാക്കേണ്ട എന്നാണ്.
ചെറു പെൺകുട്ടികളെ വമ്പൻമാർക്ക് എത്തിച്ചു കൊടുത്തു എന്ന കുറ്റം ചുമത്തപ്പെട്ടു വിചാരണയിൽ ഇരിക്കെ 2019 ഓഗസ്റ്റ് 10നു എപ്‌സ്റ്റീൻ ന്യൂ യോർക്ക് ജയിലിൽ മരിച്ചതിനെ കുറിച്ചു നടത്തിയ അന്വേഷണത്തിൽ അത് ആത്മഹത്യ ആണെന്നു കണ്ടെത്തിയതായി ബോണ്ടി പറഞ്ഞിരുന്നു. അതേ സമയം, അദ്ദേഹം പെൺകുട്ടികളെ ആവശ്യപ്പെടുന്നവരുടെ ലിസ്റ്റ് സൂക്ഷിച്ചിരുന്നുവെന്നു ബോണ്ടി നേരത്തെ ഫോക്സ് ന്യൂസിൽ പറഞ്ഞിരുന്നത് കെണിയായി.
ആ ലിസ്റ്റിൽ ട്രംപിന്റെ പേരുണ്ടെന്നു ഉറ്റ സുഹൃത്തായിരുന്ന എലോൺ മസ്‌ക് ആരോപിച്ചതോടെ അത് വിവാദമായി. അങ്ങിനെയൊരു ലിസ്റ്റ് ഇല്ലെന്നു ബോണ്ടിക്കു തിരുത്തേണ്ടി വന്നു.
ബോണ്ടിയുടെ കീഴിൽ ജോലി ചെയ്യാൻ തയാറില്ലെന്നു ബൊഞ്ഞിനോ പറഞ്ഞതായി ഡെയ്‌ലി വയർ റിപ്പോർട്ട് ചെയ്തു. അങ്ങിനെയെങ്കിൽ താനും പിരിയുമെന്നു പട്ടേലും പറഞ്ഞുവത്രേ.
ട്രംപിന്റെ കാമ്പയ്ൻ സഹായി ആയിരുന്ന വലതുപക്ഷ നിരീക്ഷക ലോറ ലൂമർ എഴുതി: "ഫെഡറൽ ഏജൻസികളിൽ കാര്യങ്ങൾ കാണുന്നതിനേക്കാൾ വഷളാണ്. ബൊഞ്ഞിനോ ജോലിയിൽ നിന്നു മാറി നിൽപ്പാണ്. എപ്‌സ്റ്റീൻ ഫയലുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിയാത്ത ബോണ്ടിയെ കുറിച്ച് അദ്ദേഹത്തിനു അസംതൃപ്തിയുണ്ട്."
പട്ടേലും ബൊഞ്ഞിനോയും ബോണ്ടിയെ കുറിച്ച് രോഷാകുലരാണെന്നും അവർ എഴുതി.
ബോണ്ടിയെ ശക്തമായി പ്രതിരോധിക്കുകയും പ്രശംസിക്കയും ചെയ്ത ട്രംപ് പട്ടേലിനെ കുറിച്ചു പരാമർശിച്ചില്ല.