പെട്രോളിയം അധിഷ്ഠിതമായ എട്ടു മാരക ഡൈകൾ അമേരിക്കൻ ഭക്ഷണ സാധനങ്ങളിൽ നിന്നു നീക്കം ചെയ്യുമെന്നു ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ, എഫ് ഡി എ കമ്മീഷണർ ഡോക്ടർ മാർട്ടി മക്കാരി എന്നിവർ ചൊവാഴ്ച്ച പ്രഖ്യാപിച്ചു.
ഭക്ഷണത്തിനു നിറം നൽകാൻ ഉപയോഗിക്കുന്ന സിട്രസ് റെഡ് നമ്പർ 2, ഓറഞ്ച് ബി എന്നിവ വൈകാതെ നിരോധിക്കും. മറ്റു എട്ടു ഡൈകൾ ഒഴിവാക്കാൻ ഭക്ഷ്യ ഉത്പാദകരുമായി ഒത്തു പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു. ഗ്രീൻ നമ്പർ 3, റെഡ് നമ്പർ 40, യെലോ നമ്പർ 5, 6, ബ്ലൂ നമ്പർ 1, 2 എന്നിവയാണ് അവ. ഇവയിൽ പലതും പോപ്പ്-റ്റാർട്, ഹോട് ഡോഗ് കേസിങ്, ടാക്കിസ്, മൗണ്ടൻ ഡ്യു തുടങ്ങിയ ഭക്ഷണ-പാനീയങ്ങളിൽ കാണാൻ കഴിയും.
കെന്നഡി പറഞ്ഞു: "അവർക്കു പെട്രോളിയം ഭക്ഷിക്കണമെങ്കിൽ, അത് വീട്ടിൽ ചേർക്കാം. മറ്റുള്ളവർക്കു അറിവും അനുമതിയും ഇല്ലാതെ ചേർത്തു കൊടുക്കുന്നത് അനുവദിക്കാൻ കഴിയില്ല."
മക്കാരി പറഞ്ഞു: "കഴിഞ്ഞ 50 വർഷമായി അമേരിക്കൻ കുട്ടികൾ വിഷം നിറഞ്ഞ സിന്തറ്റിക് കെമിക്കലുകളുടെ സൂപ്പിലാണ് വളർന്നു വന്നത്."
പെട്രോകെമിക്കൽ ഡൈകളിൽ നിന്നു മാറാൻ ഭക്ഷ്യ വ്യവസായത്തെ പ്രേരിപ്പിക്കുമെന്നു ഹെൽത്ത് ഡിപ്പാർട്മെന്റും എഫ് ഡി എയും പറയുന്നു.
നാലു നാച്ചുറൽ കളറുകൾ അനുവദിക്കാൻ എഫ് ഡി എ തയാറെടുക്കുന്നുണ്ട്.
കാൻഡി, കേക്ക് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന റെഡ് നമ്പർ 3 ക്യാൻസറും സ്വഭാവ വൈകല്യവും ഉണ്ടാകുമെന്നു ഗവേഷണത്തിൽ കണ്ടിട്ടുണ്ട്. 1907ൽ അനുമതി ലഭിച്ചതാണ്.
പെട്രോളിയം ചേർന്ന റെഡ് ഡൈ ഉപയോഗിക്കുന്നവർ അതിനു പകരം വാട്ടർമെലൺ ജ്യൂസ് ഉപയോഗിച്ചു നോക്കണമെന്നു മക്കാരി നിർദേശിച്ചു.