ഡാലസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാളകവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും.
പ്രവാസി മലയാളകവി ജേക്കബ് മനയലിന്റെ സ്മരണാര്‍ത്ഥമാണ് ഈ കവിതാ അവാർഡ് നൽകി വരുന്നത്. ഇതോടൊപ്പം 2024 ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വർഷം മുതൽ നൽകപ്പെടും.
വിജയികൾക്ക് ഇരുനൂറ്റിയൻപതു യുഎസ് ഡോളറും പ്രശസ്തിപത്രവും, 2025 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.
പൊതുനിബന്ധനകൾ.
1.വടക്കേ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ് 2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. 4. മലയാള പദ്യഗദ്യ കവിതകളും മലയാളചെറുകഥകളും ആണു പരിഗണിക്കപ്പെടുന്നത്. 5. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. 6.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെഎൽഎസ്സ് കമ്മറ്റി മെംബർമാരും പങ്കെടുക്കുവാൻ അർഹരല്ല.
സജീവസാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണു് ജഡ്‌ജിങ് കമ്മിറ്റി. അവാർഡ് പ്രഖ്യാപനം കെഎൽഎസ്സ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ് / ഫോട്ടോ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിതയും ഒരു കഥയും മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
കൃതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 , 2024. അയക്കേണ്ട വിലാസം: Email : klsdallas90@gmail.com