സൗത്ത് ഫ്ലോറിഡ : നാല് പതിറ്റാണ്ടായി സാമൂഹിക - സാംസ്‌കാരിക - ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹവും, ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും 200ലധികം കലാകാരന്മാരും , കലാകാരികളും, മാവേലി മന്നനും , വാദ്യമേളഘോഷങ്ങളും ഒത്തുചേർന്നപ്പോൾ ഓണാഘോഷവേദിയായ കൂപ്പർ സിറ്റി സ്‌കൂൾ കൊച്ചു കേരളമായി മാറി.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് കേരളത്തനിമയിൽ വാദ്യമേള അകമ്പടിയോടെ, ഓണക്കോടികൾ അണിഞ്ഞെത്തിയ ആയിരത്തിലധികം പേർ പങ്കെടുത്ത ഘോഷയാത്രയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു. പൂതാലവും, പൂവിളികളുമായി പങ്കെടുത്ത വിമൻസ് ഫോറം ഒരുക്കിയ താലപ്പൊലി സംഘം ഘോഷയാത്രക്ക് മാറ്റ് കൂട്ടി.
വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്.ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫും , വിശിഷ്ഠാതിഥികളും , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. തുടർന്ന് കിഡ്‌സ് ഫ്യൂഷൻ ഡാൻസ് , ഫെസ്റ്റിവൽ ഓഫ് കേരള, വർണനിലാവ്, യൂത്ത് ഫ്യൂഷൻ ഡാൻസ് , തിരുവാതിര കളി , ഡാൻസ് ദിവസ്, മാർഗംകളി , സീനിയർ യൂത്ത് ഡാൻസ്, മഞ്ചാടി കുന്നിനക്കരെ - ഒരു മലയാളി കഥ എന്നിങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
പ്രസിഡന്റ് ഷിബു ജോസഫിനോടൊപ്പം വൈസ് പ്രസിഡന്റ് ജോസ് വെമ്പാല , സെക്രട്ടറി നിബു പുത്തേത്ത് ട്രഷറർ ജെറാൾഡ് പെരേര, ജോയിന്റ് സെക്രട്ടറി നോയൽ മാത്യു, ജോയിന്റ് ട്രഷറർ അജി വർഗീസ് എന്നിവരും കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങൾ ജിനി ഷൈജു, സുമ ബിജു , അരുൺ പൗവത്തിൽ, ജോബി എബ്രഹാം , മാത്യു കിഴക്കേടത്ത് ,മാമ്മൻ പോത്തൻ,രതീഷ് ഗോവിന്ദ്, ജോസ് തോമസ്, നിധീഷ് ജോസഫ് ,ജോസ് വടപറമ്പിൽ , ബിജു ജോൺ എന്നിവരുടെയും , കേരളസമാജത്തിന്റെ സജീവപ്രവർത്തകർത്തകരുടെയും കൂട്ടായതും ചിട്ടയുമായ പ്രവർത്തനങ്ങൾ ഓണാഘോഷം വൻവിജയവും ജനശ്രദ്ധ നേടുകയും ചെയ്തു.