/sathyam/media/media_files/2025/09/05/hbbv-2025-09-05-02-34-56.jpg)
പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ~ ഒ~ പ്രിന്‍സില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മിഷനറിയും മൂന്നു വയസുള്ള കുട്ടിയുമുള്‍പ്പടെ എട്ടു പേര്‍ സ്വതന്ത്രരായി. കെന്‍സ്കോഫിലെ സെന്‍റ് ഹെലേന അനാഥാലയത്തില്‍ നിന്ന് ഒരു മാസം മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട അനാഥാലയത്തിന്‍റെ ഡയറക്റ്ററും മിഷനറിയുമായ ജീന്‍ ഹെറാട്ടിയും ആറു ജോലിക്കാരുമാണ് മോചിതരായിരിക്കുന്നത്.
ഓഗസ്ററ് മൂന്നിനാണ് അക്രമികള്‍ ഈ എട്ടു പേരെയും തട്ടിക്കൊണ്ടു പോയത്. ചുറ്റുമതില്‍ തകര്‍ത്ത് അകത്തു കയറിയ തോക്കു ധാരികള്‍ അനാഥാലയത്തിനുള്ളില്‍ പ്രവേശിച്ച് ഡയറക്റ്ററേയും പ്രവര്‍ത്തകരേയും തട്ടിക്കൊണ്ടു പോയി. ഇതിനു മുമ്പും ഈ സ്ഥാപനം പല തവണ അക്രമിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സിന് അടുത്തുള്ള സെന്‍റ് ഹെലേന അനാഥാലയത്തില്‍ ഏതാണ്ട് 200ലധികം അനാഥരെയാണ് ജീന്‍ ഹെറാട്ടിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സംരക്ഷിക്കുന്നത്.
തട്ടിക്കൊണ്ടു പോകപ്പെട്ട എട്ടു പേരും സ്വതന്ത്രരാക്കപ്പെട്ടു എന്ന വാര്‍ത്ത സ്ഥിരീകരിച്ച അയര്‍ലണ്ട് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, എല്ലാവരും ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് വ്യക്തമാക്കി.
2021ല്‍ അഞ്ചു കുട്ടികളെയും 17 മിഷനറിമാരെയും അക്രമികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ പലരും മൂന്നു മാസങ്ങള്‍ക്കു ശേഷം സ്വതന്ത്രരായി. 2025ന്‍റെ ആദ്യ ആറു മാസത്തിനിടെ സായുധ സംഘര്‍ഷങ്ങള്‍ക്ക് ഇരയായ മൂവായിരത്തോളം ജനങ്ങളാണ് ഹെയ്തിയില്‍ കൊല്ലപ്പെട്ടത്. അരാജകത്വവും കൊള്ളക്കാരുടെ തേര്‍വാഴ്ചയും മൂലം കനത്ത അരക്ഷിതാവസ്ഥയിലാണ് ഇന്ന് ഹെയ്തി.