ലാസ് വെഗാസിൽ ട്രംപ് ഹോട്ടലിനു മുന്നിൽ പൊട്ടിത്തെറിച്ച ട്രക്കിന്റെ ഡ്രൈവർ മാത്യു അലൻ ലിവെൽസ്‌ബെർഗർ സ്വയം വെടിവച്ചു മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പിൽ ഇതൊരു ഭീകരാക്രമണം അല്ലെന്നു വ്യക്തമാക്കി. അതേ സമയം, 'അമേരിക്കയെ നശിപ്പിച്ച' പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രറ്റുകൾക്കും എതിരെ ഡൊണാൾഡ് ട്രംപിനും കൂട്ടർക്കുമൊപ്പം അണിചേരാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട്.
ബഹുമതികൾ നേടിയ യുഎസ് ആർമി വെറ്ററൻ യുദ്ധഭൂമികളിൽ തുടരെ പ്രവർത്തിക്കേണ്ടി വന്നതിൽ മനസ് തകർന്ന അവസ്ഥയിലായെന്നു സൂചനകളുണ്ട്. പി ടി എസ് ഡി എന്ന മാനസിക വൈകല്യം ബാധിച്ചിട്ടുണ്ട് എന്ന സംശയം എഫ് ബി ഐ സ്പെഷ്യൽ ഏജന്റ് സ്‌പെൻസർ ഇവാൻസ് ഉന്നയിച്ചു.
അദ്ദേഹത്തിന്റെ സെൽ ഫോണിൽ കണ്ടെത്തിയ കുറിപ്പിൽ യുഎസ് തകർന്നടിയാൻ പോകുന്നു എന്ന താക്കീതുണ്ട്. "ഇതൊരു ഭീകരാക്രമണമല്ല. അമേരിക്കയെ വിളിച്ചുണർത്താനുള്ള ശ്രമമാണ്. അമേരിക്കക്കാർ അത്ഭുത ദൃശ്യങ്ങളിലും അക്രമത്തിലും മാത്രം ആകൃഷ്ടരാവുന്നവർ ആണ്. ഈ വെടിക്കെട്ടും സ്ഫോടനവും കൊണ്ടല്ലാതെ എങ്ങിനെ വിളിച്ചുണർത്തും."
രണ്ടു 'കത്തുകൾ' അദ്ദേഹത്തിന്റെ ഫോണിൽ കണ്ടെത്തിയതായി ലാസ് വെഗാസ് പോലീസ് അസിസ്റ്റന്റ് ഷെറിഫ് ടോറി കൊറിൻ പറഞ്ഞു. കൂടെ സൈന്യത്തിൽ ഉണ്ടായിരുന്നവരുടെ മരണവും താൻ വധിച്ചവരെ കുറിച്ചുള്ള ഓർമയുടെ വേദനയും മനസ്സിൽ നിന്ന് തുടച്ചു നീക്കാനാണ് സ്വന്തം ജീവൻ എടുക്കുന്നതെന്നു ഒരു കത്തിൽ പറയുന്നുണ്ട്.
അഫ്ഘാനിസ്ഥാൻ, കോംഗോ, യുക്രൈൻ, താജികിസ്ഥാൻ എന്നിവിടങ്ങളിൽ സൈനിക സേവനം അനുഷ്‌ടിച്ച ലിവെൽസ്‌ബെർഗർ ധീരതയ്കുള്ള അഞ്ചു മെഡലുകളും നേടി. ജർമനിയിൽ ആയിരിക്കെ ഒഴിവ് കാലത്തിനാണ് യുഎസിൽ എത്തിയത്.