/sathyam/media/media_files/2026/02/28/g-2026-02-28-03-04-55.jpg)
ഇസ്രയേലിലെ യുഎസ് എംബസിയിലുള്ള അത്യാവശ്യമല്ലാത്ത സ്റ്റാഫ് കുടുംബ സഹിതം എത്രയും വേഗം നാട്ടിലേക്കു മടങ്ങാൻ അംബാസഡർ മൈക്ക് ഹക്കബി അനുമതി നൽകി. ജനീവയിൽ യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ രണ്ടാം റൗണ്ടിലും പുരോഗതി കാണാത്ത സാഹചര്യത്തിലാണിത്.
ഇറാനെ യുഎസ് ആക്രമിച്ചാൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ജൂണിൽ യുഎസ് ആക്രമിച്ചപ്പോൾ ഇറാൻ ഇസ്രായേലിനു നേരെ മിസൈലുകൾ വർഷിച്ചപ്പോൾ 33 ഇസ്രയേലികൾ മരിച്ചു, 3,300 പേർക്കു പരുക്കേറ്റു.
വെള്ളിയാഴ്ച്ച രാവിലെ എംബസി സ്റ്റാഫിന് അയച്ച ഇമെയിലിലാണ് പോകാൻ ആഗ്രഹിക്കുന്നവർ 'ഇന്നു തന്നെ' പോകണമെന്നു അംബാസഡർ പറഞ്ഞത്.
"എവിടേക്കെങ്കിലും കിട്ടുന്ന വിമാനം പിടിച്ചു ഈ രാജ്യം വിട്ടുകൊള്ളുക, വാഷിംഗ്ടണിലേക്കു അവിടന്ന് പറക്കാം," സന്ദേശത്തിൽ പറയുന്നു. "എത്രയും വേഗം ഈ രാജ്യം വിടുക എന്നതാണ് മുഖ്യം."
ഭീതിയൊന്നും ആവശ്യമില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പോകാൻ ആഗ്രഹിക്കുന്നവർ അത് എത്രയും വേഗം ചെയ്യുക."
ജനീവ ചർച്ചകളിൽ വെളിച്ചം കണ്ടില്ലെങ്കിലും അടുത്തയാഴ്ച്ച വിയെന്നയിൽ വീണ്ടും ചർച്ച വച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടമാക്കാൻ പാടില്ലെന്ന യുഎസ് വ്യവസ്ഥ ഇറാൻ അംഗീകരിച്ചിട്ടില്ല എന്നതാണ് പ്രധാന തടസം.
യുഎസ് ഉപരോധം നീക്കണമെന്ന് ആവശ്യപ്പെടുന്ന ഇറാൻ അവരുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപേക്ഷിക്കാനും തയാറല്ല.
ജനീവ ചർച്ചയെ കുറിച്ചു വൈറ്റ ഹൗസ് മിണ്ടിയിട്ടില്ല. എന്നാൽ മിഡിൽ ഈസ്റ്റിൽ നീണ്ടു നിൽക്കുന്ന യുദ്ധം ഉണ്ടാവില്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. "നമ്മൾ ആഗ്രഹിക്കുന്നത് നയതന്ത്ര പരിഹാരമാണ്. പക്ഷെ അത് ഇറാൻ എന്തു നിലപാടെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us