/sathyam/media/media_files/2026/01/11/v-2026-01-11-05-27-35.jpg)
ന്യൂയോർക്ക്: മേയർ സൊഹ്റാൻ മാംദാനിയുടെ ഭരണകൂടത്തിൽ നിർണായക നിയമനം പ്രഖ്യാപിച്ചു. ലേഖ സുന്ദറിനെ ന്യൂയോർക്ക് സിറ്റിയുടെ പുതിയ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിച്ചതായി സിറ്റി ഹാൾ അറിയിച്ചു. നഗര ഭരണകൂടത്തിന്റെ സന്ദേശരൂപീകരണവും സമഗ്രമായ ആശയവിനിമയ തന്ത്രങ്ങളുടെ ഏകോപനവും ലേഖ സുന്ദറിന്റെ ചുമതലയായിരിക്കും.
ഫെബ്രുവരിയിൽ മംദാനിയുടെ പ്രൈമറി തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ചേർന്ന ലേഖ സുന്ദർ, പരമ്പരാഗത മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലുടനീളം പ്രചാരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പ്രചാരണത്തിന് ശക്തമായ മാധ്യമ സാന്നിധ്യം ഉറപ്പാക്കാനും, സന്ദേശങ്ങൾ ഏകോപിപ്പിക്കാനും നടത്തിയ ഇടപെടലുകൾ, പ്രചാരണത്തിന് ഗണ്യമായ മുന്നേറ്റം നൽകുന്നതിൽ സഹായകമായതായി വിലയിരുത്തപ്പെടുന്നു.
മംദാനിയുടെ പ്രചാരണ സംഘത്തിൽ ചേരുന്നതിന് മുമ്പ്, ലേഖ സുന്ദർ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ആശയവിനിമയ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. പെൻസിൽവേനിയയിൽ നടന്ന ഹാരിസിന്റെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അവർ സേവനമനുഷ്ഠിച്ചത്.
26 വയസുള്ള ലേഖ സുന്ദർ 2023-ൽ യേൽ സർവകലാശാലയിൽ നിന്ന് ഗ്ലോബൽ അഫയേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്ത് യേൽ ഡെയിലി ന്യൂസിന്റെ റിപ്പോർട്ടറായും പ്രവർത്തിച്ച അവർ, മാധ്യമ പ്രവർത്തനത്തിന്റെ സ്വഭാവവും വാർത്താഘടനയും ആഴത്തിൽ മനസ്സിലാക്കാൻ ആ അവസരം സഹായിച്ചുവെന്നാണ് പറയപ്പെടുന്നത്.
ന്യൂയോർക്ക് സിറ്റി ഹാളിലെ ആശയവിനിമയ ഘടനയിൽ, ദീർഘകാലം ബെർണി സാൻഡേഴ്സിന്റെ സ്റ്റാഫറായി പ്രവർത്തിച്ച കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അന്ന ബാറിന്റെ നേതൃത്വത്തിലാണ് ലേഖ സുന്ദർ പ്രവർത്തിക്കുക. നഗര ഭരണകൂടത്തിന്റെ നയങ്ങളും നിലപാടുകളും പൊതുജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിൽ ഈ നിയമനം നിർണായകമാകുമെന്ന് സിറ്റി ഹാൾ വൃത്തങ്ങൾ വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us