വൻ ബിസിനസ് വിജയങ്ങൾ കൊയ്‌ത ലിബർട്ടി സ്റ്റീൽ ഇൻഡസ്ട്രീസ് ഉടമ ജെയിംസ് ജിം വെല്ലറും മൂന്ന് കുടുംബാംഗങ്ങളും ഒഹായോവിൽ വിമാനം തകർന്നു മരിച്ചു. വെല്ലർക്ക് (67) പുറമെ ഭാര്യ വെറോണിക്ക (68), മകൻ ജോൺ (36), ജോണിന്റെ ഭാര്യ മരിയ (34) എന്നിവർ ഒഴിവുകാലം ചെലവഴിക്കാൻ മൊണ്ടാനയിലേക്കു പറക്കുകയായിരുന്നു.
പൈലറ്റ് ജോസഫ് മാക്സിൻ (63), കോ പൈലറ്റ് തിമോത്തി ബ്ലെയ്ക് എന്നിവരും കൊല്ലപ്പെട്ടു.
ഇരട്ട എൻജിൻ സെസ്‌ന ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെ യങ്‌സ്ടൗൺ റീജണൽ എയർപോർട്ടിൽ നിന്നു പറന്നുയർന്നു ഏഴു മിനിറ്റിനകം തകർന്നു വീണു. വിമാനത്താവളത്തിനു രണ്ടു മൈൽ അകലെ വനത്തിലാണ് വീണത്.
കൊടുംകാട്ടിൽ തിരച്ചിൽ നടത്തുക ഏറെ ദുഷ്‌കരമായി. ആറു പേരുടെയും ജഡങ്ങൾ കണ്ടെടുത്തു.
ബോംബ് പൊട്ടുന്ന പോലെ ശബ്ദം കേട്ടെന്നു പ്രദേശവാസികൾ പറഞ്ഞു.