/sathyam/media/media_files/2025/08/31/hbbb-2025-08-31-02-22-32.jpg)
ലോസ് ഏഞ്ചലസ് : നടുറോഡിൽ ഗട്ക അഭ്യാസം നടത്തിയ സിഖ് വംശജനെ യുഎസ് പൊലീസ് വെടിവച്ചുകൊന്നു. 36കാരനായ ഗുർപ്രീത് സിങ്ങാണ് ലോസ് ഏഞ്ചലസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടത്തുന്നതിനിടെയാണ് ഗുർപ്രീതിനെ പൊലീസ് വെടിവെച്ചത്. ജൂലൈ 13നായിരുന്നു സംഭവം. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ലോസ് ഏഞ്ചലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് (എൽഎപിഡി) തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ആയുധം താഴെ വയ്ക്കാൻ പറഞ്ഞത് അനുസരിക്കാതെ പൊലീസിനെ ആക്രമിക്കാൻ ഒരുങ്ങിയതോടെയാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വാദം.
ലോസ് ഏഞ്ചലസിലെ ഡൗൺ ടൗണിലെ ക്രിപ്‌റ്റോ.കോം അരീനയ്ക്ക് സമീപം ഒരാൾ റോഡിൽ കത്തിയുമായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തിയത് എന്നാണ് എൽഎ പൊലീസ് പറഞ്ഞത്.നടുറോഡിൽ വാഹനം നിർത്തിയിട്ട ശേഷമാണ് ഗുർപ്രീത് ഗട്ക നടത്തിയതെന്നും സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
ആയുധം താഴെയിടാൻ ഉദ്യോഗസ്ഥർ സിങ്ങിനോട് ആവശ്യപ്പെട്ടു. പൊലീസ് അടുത്തേക്ക് ചെന്നപ്പോൾ സിങ് ഒരു കുപ്പി അവരുടെ നേരെ എറിഞ്ഞു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഗുർപ്രീതിനെ പിന്തുടരുന്നതിനിടയിൽ മറ്റൊരു പോലീസ് വാഹനവുമായി ഇടിച്ചു. തുടർന്ന് പുറത്തിറങ്ങിയ ഗുർപ്രീതിനെ പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.