/sathyam/media/media_files/2025/08/27/vvv-2025-08-27-03-34-13.jpg)
ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മംദാനിക്കു പടുകൂറ്റൻ ലീഡുണ്ടെന്നു എ എ ആർ പി ന്യൂ യോർക്ക്-ഗോഥം പോളിംഗ് കാണിക്കുന്നു.
ഓഗസ്റ്റ് 11നു എടുത്ത സർവേയിൽ മംദാനിക്കു 41.8% പിന്തുണ കാണുമ്പോൾ രണ്ടാം സ്ഥാനത്തു എത്തിയ മുൻ ഗവർണർ ആൻഡ്രൂ കോമോയ്ക്കു കണ്ടത് 23.4% ആണ്.
കർട്ടിസ് സ്ലിവ 16.5%, മേയർ എറിക് ആഡംസ് 8.8% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. 7.9% വോട്ടർമാർ തീരുമാനം എടുത്തിട്ടില്ല.
സർവേയിൽ പരിഗണിച്ച എല്ലാ സാധ്യതകളിലും മംദാനിക്കു തന്നെയാണ് ലീഡ്. കോമോയുമായി നേരിട്ട് ഏറ്റുമുട്ടിയാൽ 11% മുൻതൂക്കമുണ്ട്. അവിടെ മുതിർന്നവർ കൂടുതൽ ഉൾപ്പെട്ട വോട്ടർമാരിൽ 27% പക്ഷെ തീരുമാനം എടുത്തിട്ടില്ല എന്ന നിലപാടിലാണ്.
വിലക്കയറ്റം, പാർപ്പിട പ്രശ്നം, പൊതു സുരക്ഷ എന്നിവയാണ് വോട്ടർമാർ പ്രധാനമായി പരിഗണിക്കുന്നത്. വിലക്കയറ്റം തന്നെ ഏറ്റവും പ്രധാനമെന്നു എ എ ആർ പി സ്റ്റേറ്റ് ഡയറക്റ്റർ ബേത്ത് ഫിങ്കൽ പറയുന്നു. നഗരത്തിൽ ജീവിക്കാനും ചെലവ് കുറയ്ക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് വ്യക്തമായ പദ്ധതി കാട്ടി തെളിയിക്കാൻ വോട്ടർമാർ ആവശ്യപ്പെടുന്നു. ഉയർന്ന വോട്ടിങ് ഉറപ്പാക്കാറുള്ള മുതിർന്നവർ പ്രത്യേകിച്ചും ജീവിത ചെലവ്, പാർപ്പിടം എന്നീ കാര്യങ്ങളിൽ നിഷ്കർഷ ഉള്ളവരാണ്.
മംദാനിയുടെ പ്രചാരണം ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു.
കറുത്ത വർഗക്കാർ, ഹിസ്പാനിക്കുകൾ, ഏഷ്യക്കാർ എന്നിവരാണ് അദ്ദേഹത്തെ ഏറ്റവും പിന്തുണയ്ക്കുന്നത്. കോമോയുടെ പിൻതുണ അധികവും യഹൂദരിൽ നിന്നാണ്.