ന്യൂ യോർക്ക് മേയർ സ്ഥാനം തേടുന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജൻ സോഹ്രാൻ മംദാനി ആദ്യ റൌണ്ട് വിജയം നേടിയതോടെ അടുത്ത നവംബറിൽ 33കാരൻ മേയർ വസതിയായ ഗ്രേസി മാൻഷനിൽ എത്തുമെന്ന പ്രതീക്ഷ ഉണർന്നു. ഡെമോക്രാറ്റിക് കോട്ടയായ നഗരത്തിൽ ഇന്ത്യക്കാരൻ മേയറായാൽ പ്രഥമ വനിത ആരാവും എന്ന അന്വേഷണം പെട്ടെന്ന് ഉഷാറായി.
ചിത്രകാരിയായ രമ ദുവാജി (27) സിറിയൻ വംശജയാണ്. മംദാനിക്കു ഇടത്തോട്ടു ചായ്‌വുണ്ടെങ്കിൽ ആ രാഷ്ട്രീയത്തോടു പൊരുത്തപ്പെടുന്ന നിലപാടുകൾ തന്നെയാണ് ദുവാജിക്കും ഉള്ളത്.
പലസ്തീൻ വംശജരുടെ അവകാശങ്ങൾ അവരുടെ രചനകളിൽ ഒരു വിഷയമായിട്ടുണ്ട്. ദുബായ് ബന്ധവുമുള്ള ദുവാജിയുമായി മംദാനി വിവാഹം ഉറപ്പിച്ചത് ആ നഗരത്തിന്റെ തിളക്കത്തിൽ ആയിരുന്നു. അവരുടെ കുടുംബം ദുബായിൽ ആണെങ്കിലും ജനനം ടെക്സസിൽ ആയിരുന്നുവത്രേ.
വർഷങ്ങളായി ബ്രൂക്ലിനിൽ ആനിമേറ്ററും ഇല്ലസ്ട്രേറ്ററുമായി ജോലി ചെയ്യുന്ന ദുവാജിയുടെ പ്രമുഖ സംഭാവനകൾ ന്യൂ യോർക്കർ, വാഷിംഗ്‌ടൺ പോസ്റ്റ്, ബി ബി സി, ലണ്ടനിലെ ടെയ്റ്റ് മോഡേൺ ഗാലറി എന്നിവയിൽ കാണാം.
ന്യൂ യോർക്കിലെ ചാരിറ്റികൾ ഇസ്രയേലി യുദ്ധ കുറ്റങ്ങൾക്കു സംഭാവന നൽകുന്നുവെന്നു ദുവാജി ആരോപിച്ചിട്ടുണ്ട്.
ഹിഞ്ജിൽ കണ്ടുമുട്ടി
മംദാനിയും ദുവാജിയും വര്ഷങ്ങൾക്കു മുൻപ് ഹിഞ്ജ് ഡേറ്ററിങ് ആപ്പിലാണ് കണ്ടുമുട്ടിയത്. ഇൻസ്റ്റാഗ്രാമിൽ മംദാനി കുറിച്ചു: "രമ എന്റെ ഭാര്യ മാത്രമല്ല, അവർ സ്വന്തമായ നിലയ്ക്കു കീർത്തി അർഹിക്കുന്ന മികവുള്ള ചിത്രകാരി കൂടിയാണ്."
ദുബായിയിൽ നിക്കാഹും കഴിഞ്ഞെന്നാണ് സൂചന. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. 2024 ഡിസംബർ 22നു വിദ ക്രീക്ക് ഹാർബർ എന്ന ആർഭാട ഹോട്ടലിൽ.