രാജ്യത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽ ഗറില്ലകളാൽ വധിക്കപ്പെട്ട എട്ട് ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാക്കളുടെ കൂട്ടക്കുഴിമാടം കൊളംബിയൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ചൊവ്വാഴ്ച ഗ്വാവിയാരെ പ്രവിശ്യയിൽ കാലമർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 02 ന് ക്രിസ്ത്യൻ ഡെയ്‌ലി ഇന്റർനാഷണലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
സ്വദേശമായ അരൗക്കയിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഇവരെ കാണാതായത്. തെക്കുകിഴക്കൻ കൊളംബിയയിലെ ഗറില്ലാ ഗ്രൂപ്പായ ഇഎംസിയുടെ അർമാൻഡോ റിയോസ് ഫ്രണ്ട് കമാൻഡർ ഇവാൻ മോർഡിസ്കോ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് ഏപ്രിൽ ആദ്യം ക്രിസ്ത്യൻ നേതാക്കളെ കാണാതായതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
കാണാതായ ഉടനെ നേതാക്കൾക്കായി റീജിയണൽ പ്രോസിക്യൂട്ടർമാർ തിരച്ചിൽ ആരംഭിച്ചിരുന്നു .
ഈ മേഖലയിൽ എതിരാളി ഗറില്ലാ ഗ്രൂപ്പായ ഇഎൽഎന്നിന്റെ ഒരു യൂണിറ്റ് രൂപീകരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് കൊല്ലപ്പെട്ട നേതാക്കൾക്ക് വിവരം ഉണ്ടെന്ന് ഇഎംസി കമാൻഡർമാർ സംശയിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ഇഎൽഎൻ സെൽ രൂപീകരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ഇരകളും ആ ഗറില്ല ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിന് തെളിവുകളൊന്നും അധികൃതർക്ക് കണ്ടെത്താനായിട്ടില്ല .
മെയ് മാസത്തിൽ ഒരു ഗറില്ലയെ പിടികൂടിയതോടെയാണ് കൂട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായത്, ഇയാളുടെ മൊബൈൽ ഫോണിൽ കസ്റ്റഡിയിലെടുത്ത നേതാക്കളുടെയും കുറ്റകൃത്യത്തിന്റെയും ഫോട്ടോകൾ ഉണ്ടായിരുന്നു, ഇത് കുഴിമാടം കണ്ടെത്താനും അത് പരിശോധിക്കുന്നതിനും സഹായകമായി.
ജെയിംസ് കൈസെഡോ, ഓസ്‌കാർ ഗാർസിയ, മരിയൂരി ഹെർണാണ്ടസ്, മാരിബെൽ സിൽവ, ഇസയ്ദ് ഗോമസ്, കാർലോസ് വലേറോ, നിക്സൺ പെനലോസ, ജെസസ് വലേറോ എന്നിവരെയാണ് കാണാതായത്. ഇവാഞ്ചലിക്കൽ കൗൺസിലുകളായ അലിയാൻസ ഡി കൊളംബിയ, ക്വാഡ്രാങ്കുലർ എന്നിവയിലെ അംഗങ്ങളായിരുന്നു ഇവർ .
ഇ. എം. സി. കളിൽ നിരവധിപേർ മോർഡിസ്കോയെ ഉപേക്ഷിച്ച് "കലാർക്ക" യുടെ നേതൃത്വത്തിൽ ഇ. എം. ബി. എഫ് എന്ന വിമത സംഘം രൂപീകരിച്ചതിന് ശേഷം ഒരു വർഷമായി ഈ മേഖലയിൽ സംഘർഷങ്ങൾ പതിവാണ്.