ഓസ്‌ട്രേലിയയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ കൂറ്റന്‍ പ്രക്ഷോഭം; ഇന്ത്യക്കാര്‍ക്കെതിരേ ലഘുലേഖ

New Update
Vgvv

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കെതിരേ കൂറ്റന്‍ പ്രക്ഷോഭം. 'മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ' എന്ന തീവ്രവലതുപക്ഷ സാമൂഹികമാധ്യമഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാര്‍ച്ചുകളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Advertisment

ഓസ്‌ട്രേലിയയിലേക്കുള്ള ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ആളുകള്‍ സംഘടിച്ചത്. രാജ്യത്തിന്റെ കുടിയേറ്റ നയങ്ങള്‍ ഓസ്‌ട്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്കെതിരേ അടക്കമുള്ള വിദ്വേഷം നിറഞ്ഞ നോട്ടീസുകളും ലഘുലേഖകളും പ്രതിഷേധക്കാര്‍ പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരേ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും ലക്ഷ്യമിട്ടുള്ള വാക്കുകളും പരാമര്‍ശങ്ങളുമായിരുന്നു ഈ നോട്ടീസുകളിലുണ്ടായിരുന്നത്. നൂറുവര്‍ഷത്തിനിടെ വന്ന ഗ്രീക്കുകാരേക്കാളും ഇറ്റലിക്കാരേക്കാളും അധികം ഇന്ത്യക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഓസ്‌ട്രേലിയയിലെത്തി എന്നായിരുന്നു ഒരു നോട്ടീസില്‍ എഴുതിയിരുന്നത്. ഓസ്‌ട്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള കണക്കുകളും ഇവര്‍ നിരത്തിയിരുന്നു.

2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നും അത് 8.5 ലക്ഷത്തിലെത്തിയെന്നുമാണ് പ്രതിഷേധക്കാരുടെ അവകാശവാദം. ഇതിനുപുറമേ നമ്മുടെ രാജ്യത്തെ തിരികെകൊണ്ടുപോകൂ, നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കൂ തുടങ്ങിയ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും ലഘുലേഖകളും സംഘാടകര്‍ പുറത്തിറക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ഭൂരിപക്ഷവിഭാഗം ജനങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.

എന്നാല്‍, 'മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ'യുടെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. പ്രതിഷേധക്കാര്‍ക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. 

Advertisment