/sathyam/media/media_files/2025/08/15/bvcfcx-2025-08-15-03-52-03.jpg)
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനു എതിരെ $1 ബില്യൺ മാനനഷ്ട കേസ് കൊടുക്കുമെന്നു പ്രഥമ വനിത മെലാനിയ ട്രംപ് നോട്ടീസ് നൽകി. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫി എപ്‌സ്റ്റീനാണ് അവരെ ഡോണൾഡ് ട്രംപിനു പരിചയപ്പെടുത്തിയത് എന്നു ഹണ്ടർ ആരോപിച്ചതാണ് കാരണം.
ഹണ്ടർ ഉടൻ തന്നെ 'വ്യാജവും അപകീർത്തിപരവും താഴ്ത്തിക്കെട്ടുന്നതും പ്രകോപനപരവുമായ' ആരോപണം പിൻവലിക്കണമെന്നു മെലാനിയയുടെ അഭിഭാഷകൻ അലെജാന്ദ്രോ ബ്രിട്ടോ ആവശ്യപ്പെടുന്നു.
ഇല്ലെങ്കിൽ നിയമപരമായി ലഭ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. പ്രഥമ വനിതയ്ക്ക് സാമ്പത്തികമായും സൽകീർത്തിക്കും വമ്പിച്ച നാശം സംഭവിച്ചിട്ടുണ്ടെന്നു കത്തിൽ പറയുന്നു.
ചാനൽ 5 എന്ന യൂട്യൂബ് ഷോയിൽ ഓഗസ്റ്റ് 5നു ആൻഡ്രൂ കാലഹനോട് സംസാരിക്കുമ്പോഴാണ് ഹണ്ടർ ആരോപണം ഉന്നയിച്ചതതെന്നു ബ്രിട്ടോ ചൂണ്ടിക്കാട്ടി. ട്രംപ് കുടുംബവും എപ്‌സ്റ്റീനും തമ്മിലുളള ബന്ധം വിശാലവും അഗാധവും ആണെന്നു ഹണ്ടർ പറഞ്ഞു.
ഓഗസ്റ്റ് 7 വരെയാണ് ഹണ്ടറിനു സമയം അനുവദിച്ചത്.
1998 സെപ്റ്റംബറിൽ ന്യൂ യോർക്ക് സിറ്റിയിലെ കിറ്റ് കാറ്റ് ക്ലബ്ബിൽ നടന്ന ഫാഷൻ വീക്ക് പാർട്ടിയിൽ ട്രംപിനെ ആദ്യമായി കണ്ടുമുട്ടി എന്നാണ് മെലാനിയ പറഞ്ഞിട്ടുള്ളത്. ട്രംപ് അടുത്ത് വന്നിരുന്നു സംഭാഷണം ആരംഭിച്ചതായി അവർ ഓർമിക്കുന്നു.
"അദ്ദേഹത്തിന്റെ ഊർജമാണ് എന്നെ ആകർഷിച്ചത്," മെലാനിയ ഓർമിച്ചു. ആറു വർഷം കഴിഞ്ഞാണ് അവർ വിവാഹ നിശ്ചയം നടത്തിയത്. 2005ൽ വിവാഹിതരായി.