ഷിക്കാഗോ ∙ അടുത്തിടെ രാഷ്ട്രീയ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും വിവാഹ മോചന അഭ്യൂഹങ്ങളിലും പ്രതികരണവുമായി മുൻ പ്രഥമ വനിത മിഷേൽ ഒബാമ. ചൊവ്വാഴ്ച പുറത്തിറങ്ങിയ 'വർക്ക് ഇൻ പ്രോഗ്രസ്' പോഡ്‌കാസ്റ്റിലാണ് മിഷേൽ ഒബാമ ഏകദേശം ഒരു മണിക്കൂർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത്.
എന്നെക്കാൾ കൂടുതല്‍ ഞാൻ എന്റെ കുട്ടികൾക്കു വേണ്ടിയാണ് ജീവിച്ചതെന്നും എന്നാൽ ഇപ്പോൾ മക്കൾ അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തരായെന്നും ഇനി സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകാനാണ് ആഗ്രഹിക്കുന്നതെന്നും മിഷേൽ പറഞ്ഞു. സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതിനായാണ് തിരക്കുകളില്‍ നിന്ന് വിട്ടുനിൽക്കുന്നതെന്ന് മിഷേൽ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും അന്തരിച്ച പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും മിഷേൽ ഒബാമ പങ്കെടുത്തിരുന്നില്ല. ഭർത്താവായ ബറാക് ഒബാമ ഒറ്റയ്ക്കാണ് ഈ ചടങ്ങുകളിലെല്ലാം പങ്കെടുത്തത്. തുടര്‍ന്ന് ഒബാമയ്ക്കും മിഷേലിനും ഇടയിൽ അസ്വാരസ്യങ്ങളുണ്ടെന്നും വാർത്തകൾ വന്നിരുന്നു.